മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്, ആലപ്പുഴ കൊല്ലം അതിർത്തിയായ വലിയ അഴീക്കലും കണ്ടെയ്നർ കണ്ടെത്തി
- by TVC Media --
- 26 May 2025 --
- 0 Comments
കൊച്ചി: പുറങ്കടലിൽ അപകടത്തില്‍പ്പെട്ട MSC എല്‍സ 3 ലൈബീരിയന്‍ കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ കൊല്ലത്തെയും ആലപ്പുഴയിലെയും തീരങ്ങളിൽ അടിയുന്നു. കൊല്ലത്ത് ചെറിയഴീക്കൽ,ചവറ, ശക്തികുളങ്ങര മദാമ്മ തോപ്പ് എന്നിവിടങ്ങളിലാണ് കണ്ടെയ്നറുകൾ അടിഞ്ഞത്. ആലപ്പുഴ കൊല്ലം അതിർത്തിയായ വലിയ അഴീക്കലും കണ്ടെയ്നർ കണ്ടെത്തി. ജനങ്ങൾ നിർദശങ്ങൾ കൃത്യമായി പാലിക്കണമെന്നും കണ്ടെയ്നറുകൾ അടിഞ്ഞാൽ അടുത്തേയ്ക്ക് പോകരുതെന്നും പൊലീസ് അറിയിച്ചു.
എൻഡിആർഎഫ് സാങ്കേതിക വിദഗ്ദരും കൊല്ലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കെമിക്കൽ, ബയോളിക്കൽ, ന്യുക്ലിയർ വിദഗ്ദർ സംഘത്തിൽ കൂടംകുളത്ത് നിന്നാണ് സംഘം എത്തുക. ഡെപ്യൂട്ടി കമാൻഡൻ്റിൻ്റെ നേതൃത്വത്തിലാണ് സംഘമെത്തുക.
കപ്പലിലെ കണ്ടെയ്നറുകൾ കൂടുതൽ ഇടങ്ങളിൽ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് കൊല്ലം ചെറിയഴീക്കൽ തീരത്ത് ഒരു കണ്ടെയ്നർ അടിഞ്ഞത്. കണ്ടെയ്നറിൽ നിന്നുള്ള വസ്തുക്കളുടെ വ്യാപനം തടയുന്നതിന് കോസ്റ്റ് ഗാർഡിൻ്റെ സക്ഷം കപ്പൽ പുറങ്കടലിലുണ്ട്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും കൊച്ചിയിൽ എത്തിച്ചിരുന്നു.
കപ്പൽ മുങ്ങിയ സാഹചര്യത്തിൽ തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് 20 മീറ്റർ അകലെ വച്ച് നിർത്താൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കലക്ടർ അലക്സ് വർഗീസാണ് നിർദേശം നൽകിയത് . കപ്പലിലെ രാസമാലിന്യം കടലിലൂടെ കായലിൽ കയറുമോയെന്ന് ആശങ്കയുണ്ട്. ജല വിഭവ വകുപ്പിന്‍റെ നേതൃത്വത്തിൽ ഇന്നലെയാണ് പൊഴിമുറിക്കൽ ആരംഭിച്ചത്.

Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS