Kerala നിപ വ്യാപനം: കണ്ടെയിന്‍മെന്റ് സോണിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നടത്തുമെന്ന് മന്ത്രി

തിരുവനന്തപുരം: നിപ വൈറസ് പശ്ചാത്തലത്തില്‍ കണ്ടെയിന്‍മെന്റ് സോണിനുള്ളിലെ മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് അറ്റന്‍ഡ് ചെയ്യാവുന്ന തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി മന്ത്രി വി. ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസിന് നിര്‍ദേശം നല്‍കി. സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവരുടെ പരീക്ഷകള്‍ പിന്നീട് നടത്തും. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി. 

നിപയുടെ സാനിധ്യം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഏഴു ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14,15 വാര്‍ഡുകള്‍, മരുതോങ്കര ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14 വാര്‍ഡുകള്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് - 1,2,20 വാര്‍ഡുകള്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് - 3,4,5,6,7,8,9,10 വാര്‍ഡുകള്‍, കായക്കൊടി ഗ്രാമപഞ്ചായത്ത് - 5,6,7,8,9 വാര്‍ഡുകള്‍, വില്യപ്പളളി ഗ്രാമപഞ്ചായത്ത് - 6,7 വാര്‍ഡുകള്‍, കാവിലും പാറ ഗ്രാമപഞ്ചായത്ത് - 2,10,11,12,13,14,15,16 വാര്‍ഡുകള്‍. കണ്ടെയിന്‍മെന്റ് സോണായ ഈ പ്രദേശങ്ങളില്‍ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവാദമില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 

ഈ വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കും. ദേശീയ, സംസ്ഥാന ഹൈവേ വഴി യാത്ര ചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ എവിടെയും നിര്‍ത്തരുത്. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറും, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറും നല്‍കേണ്ടതാണ്. ഈ പ്രദേശങ്ങളിലുള്ളവര്‍ സാമൂഹിക അകലം പാലിക്കണം.  മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT