Kerala പനിക്കിടക്കയിൽ കേരളം; ആശങ്ക ഉയർത്തി സംസ്ഥാനത്ത് എലിപ്പനി വ്യാപനം, ഒരു മാസത്തിനിടെ 8 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യം അതീവ ഗൗരവമേറിയതെന്ന് ആരോഗ്യ വിദഗ്ധര്‍. ഒരു മാസത്തിനിടെ മാത്രം എട്ട് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. മാറിമാറി മഴ പെയ്യുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി കൂടാനിടയുണ്ടെന്നും പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

പുറത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ചൂടേറിയപ്പോൾ പനിക്കിടക്കയിലാണ് കേരളം. ആരോഗ്യ വകുപ്പ് അപ്ഡേറ്റ് ചെയ്ത ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് 9803 പേര്‍ ഇക്കഴിഞ്ഞ ദിവസം മാത്രം പനി പിടിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ 152 പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണങ്ങളുണ്ട്.

35 പേര്‍ക്ക് സ്ഥിരീകരിച്ചു. എലിപ്പനി സ്ഥിരീകരിച്ചത് 24 പേര്‍ക്കാണ്. 9 പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. ഒരു മരണവും ഉണ്ടായി. ഈ ഒരുമാസത്തെ കണക്കെടുത്താൽ 179 പേര്‍ക്ക് എലിപ്പനി പിടിപെട്ടു. 150 ഓളം പേര്‍ക്ക് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. എട്ട് മരണം സ്ഥിരീകരിച്ചപ്പോൾ എലിപ്പനിയൊണോ എന്ന സംശയം മറ്റ് നാല് മരണങ്ങൾക്ക് കൂടി ഉണ്ട്.

നടപ്പുമാസം 306 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ഈവര്‍ഷം ഇതുവരെ മാത്രം 64 പേര്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്, എച്ച് വൺ എൻവൺ ബാധിച്ച് ഈ വര്‍ഷം 58 പേരാണ് മരിച്ചത്.

സംസ്ഥാനത്ത് ഇടവിട്ടു പെയ്യുന്ന മഴയാണ് ഡെങ്കിപ്പനിക്കും എലിപ്പനിക്കും കാരണമാകുന്നതെന്നും പൊതുജനങ്ങൾ ജാഗ്രതയോടെ പെരുമാറണമെന്നും ആരോഗ്യവകുപ്പ് ആവര്‍ത്തിച്ച് നിര്‍ദേശിക്കുന്നുണ്ട്. ബോധവത്കരണത്തിന് അപ്പുറം ആരോഗ്യ വകുപ്പ് അടിയന്തരമായി ഇടപെടേണ്ട സാഹചര്യമുണ്ടെന്നാണ് പൊതു ജനാരോഗ്യ വിദഗ്ധര്‍ പറയുന്നത്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT