Kerala ചുഴലിക്കാറ്റ് സാധ്യത, മുന്നറിയിപ്പ്: കേരളത്തിൽ ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്
- by TVC Media --
- 22 Oct 2024 --
- 0 Comments
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത. അതിനാൽ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്ത് മുന്നറിയിപ്പ് നൽകി. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്ര ന്യുനമർദ്ദമായി (Depression) ശക്തി പ്രാപിച്ചു.
ഇത് നാളെയോടെ ചുഴലിക്കാറ്റായും (Cyclonic storm) വ്യാഴാഴ്ച്ച രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിച്ച് ഒക്ടോബർ 24ന് രാത്രിയും, ഒക്ടോബർ 25ന് പുലർച്ചെയും ഒഡിഷ – പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.
മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഇത് അടുത്ത 12 മണിക്കൂറിനുള്ളിൽ ദുർബലമായി ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനാണ് സാധ്യതയുള്ളത്. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തമിഴ്നാടിനു മുകളിൽ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്, ഇതിൻ്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത ഒരാഴ്ച്ച ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 22 – 23 തീയതികളിൽ ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് 5 ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളാണവ. ബുധനാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിലും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ (പരമാവധി 50 kmph) ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബർ 24 മുതൽ 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS