Kerala വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ജോലി; കർമചാരി പദ്ധതിയ്ക്ക് തുടക്കം
- by TVC Media --
- 16 May 2023 --
- 0 Comments
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കർമചാരി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഔദ്യോഗിക പോർട്ടലിന്റെ പ്രകാശനവും പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. മൂന്ന് വർഷത്തിനുള്ളിൽ ഇരുപത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം പാർട് ടൈം ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് കർമ്മചാരി.
സ്വകാര്യമേഖലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്റ്റാർ ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, ഫുഡ് ഔട്ട് ലെറ്റുകൾ, വസ്ത്ര വ്യാപാര കേന്ദ്രങ്ങൾ, റിസോർട്ടുകൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ അവസരങ്ങൾ, ഐ.ടി അധിഷ്ഠിത ജോലികളുമുണ്ടാകും. സ്കൂളിലോ കോളേജിലോ പഠിക്കുമ്പോൾ തന്നെ വിലപ്പെട്ട പ്രവർത്തന പരിചയം നേടാൻ ഇത് സഹായിക്കും. വിദ്യാർത്ഥികൾക്ക് തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനും പ്രവർത്തന പരിചയം നേടാനും പദ്ധതി സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.നിലവിൽ കർമ്മചാരി പൈലറ്റ് പദ്ധതി കൊച്ചി കോർപ്പറേഷൻ പരിധിയിലാണ് നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തിൽ ആയിരത്തിലധികം വിദ്യാർത്ഥികൾക്കാണ് തൊഴിൽ ലഭിക്കുക. ഭാവിയിൽ സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. കർമ്മചാരി പദ്ധതിയുടെ ഭാഗമായി പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർത്ഥികളെ പ്രൊവിഡന്റ് ഫണ്ട് പരിധിയിൽ നിന്നും ഒഴിവാക്കുന്നതിനും ഇ.എസ്.ഐ അനുവദിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
പദ്ധതിയോട് മികച്ച പ്രതികരണമാണ് തൊഴിലുടമകൾ നൽകുന്നതെന്നും മന്ത്രി അറിയിച്ചു.കർമ്മചാരി പദ്ധതിയുടെ ഭാഗമായി ജോലി ലഭിച്ച വിദ്യാർത്ഥികൾക്ക് മന്ത്രി നിയമനോത്തരവ് കൈമാറി. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെയാണ് കർമ്മചാരി പദ്ധതി നടപ്പാക്കുന്നത്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS