Kerala മാലിന്യ സംസ്‌കരണം: നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി
- by TVC Media --
- 12 Oct 2023 --
- 0 Comments
മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഇത് ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് നിയമഭേദഗതി നിർദ്ദേശിച്ചിരിക്കുന്നതിനെന്നും ഈ ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയതായും വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.
ശിക്ഷാനടപടികൾ ഏറ്റെടുക്കുവാനും നടപ്പിലാക്കാനുമുള്ള സെക്രട്ടറിയുടെ അധികാരങ്ങൾ വർധിപ്പിച്ചതായും മന്ത്രി പറഞ്ഞു. മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനം സ്വന്തം ഭൂമിയോ, അല്ലെങ്കിൽ സ്വകാര്യ ഭൂമിയോ കണ്ടെത്തുന്നതിന് മുൻഗണന നൽകണമെന്നു വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. വേണമെങ്കിൽ നിലവിലുള്ള നിയമത്തിന് അനുസരിച്ച് സ്വകാര്യ ഭൂമിയും ഏറ്റെടുക്കാം.
ഏതെങ്കിലും മാലിന്യ ഉത്പാദകൻ യൂസർ ഫീ നൽകുന്ന കാര്യത്തിൽ വീഴ്ചവരുത്തിയാൽ, അത് പ്രതിമാസം അമ്പത് ശതമാനം പിഴയോടു കൂടി പൊതുനികുതി കുടിശ്ശികയായി ഈടാക്കാവുന്നതാണെന്നും ഭേദഗതിയിൽ ഉണ്ട്. 90 ദിവസത്തിനു ശേഷവും യൂസർ ഫീ നൽകാത്ത പക്ഷം മാത്രമായിരിക്കും ഇത്തരമൊരു നടപടിയിലേക്ക് കടക്കുകയെന്നും മന്ത്രി പറഞ്ഞു.
കുടുംബങ്ങൾക്ക് യൂസർ ഫീയിൽ ഇളവ് നൽകും. നൂറിലധികം ആളുകൾ ഒത്തുചേർന്ന പരിപാടികൾക്ക് മൂന്ന് ദിവസം മുൻപെങ്കിലും പ്രസ്തുത തദ്ദേശ സ്ഥാപനത്തെ അറിയിക്കുകയും നിശ്ചയിച്ചിരിക്കുന്ന ഫീസ് നൽകി ചുമതലപ്പെടുത്തിയിട്ടുള്ള മാലിനും ശേഖരിക്കുന്നവർക്കോ ഏജൻസികൾക്കോ കൈമാറേണ്ടതാണെന്നും മന്ത്രി പറഞ്ഞു, മുഴുവൻ വാർഡുകളിലും ചെറു മാലിന്യ സംഭരണ കേന്ദ്രങ്ങൾ (മിനി എംസിഎഫ്) നവംബർ മാസം ഒടുവിലോടെ സജ്ജമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാ വാർഡുകളിലു ചുരുങ്ങിയത് ഒരു മിനി എംസിഎഫ് എങ്കിലും സ്ഥാപിക്കണം. അംഗൻവാടികൾ ഒഴികെയുള്ള എല്ലാ ഘടക സ്ഥാപനങ്ങളിലും ഇവ സ്ഥാപിക്കണം.
വലിയ മാലിന്യ ഉല്പാദകരുടെ നിയമ ലംഘനം പിടികൂടുന്നതിനുള്ള പ്രത്യേക ഡ്രൈവ് ഈ മാസം നടത്തുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് ചെറുക്കുന്നതിന് വ്യാപകമായ ക്യാമറ നിരീക്ഷണം ഡിസംബർ മാസത്തോടെ ഏർപ്പെടുത്താൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
പൊതു ഇടങ്ങളിൽ മാല്യനങ്ങൾ നിക്ഷേപിക്കുന്നത് സംബന്ധിച്ച ദൃശ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് ഒറ്റ വാട്‌സപ്പ് നമ്പർ ലഭ്യമാക്കും. ഇതിലൂടെ കേന്ദ്രീകൃത മോണിറ്ററിങ്ങ് സാധ്യമാകും. ആളുകൾ വലിയ തോതിൽ സമ്മേളിക്കുന്ന നഗര വീഥികളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. പഞ്ചായത്തുകളിൽ പ്രധാന ജംക്ഷൻ കേന്ദ്രീകരിച്ച് ബിന്നുകൾ സ്ഥാപിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS