Kerala വിനോദ സഞ്ചാരികളുടെ പറുദീസയായി കോഴിക്കോട്
- by TVC Media --
- 02 May 2023 --
- 0 Comments
കോഴിക്കോട് ജില്ലയിലെ ബേപ്പൂർ, കാപ്പാട്, തോണിക്കടവ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിക്കഴിഞ്ഞു. ഓരോ മാസവും നിരവധി ആളുകളാണ് ജില്ലയിൽ വിനോദസഞ്ചാരികളായി എത്തുന്നത്. കഴിഞ്ഞ രണ്ടു വർഷക്കാലയളവിൽ കോഴിക്കോട് ജില്ലയിലെ ടൂറിസം രംഗത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ തന്നെയാണ് സഞ്ചാരികളെ ജില്ലയിലേക്ക് ആകർഷിക്കുന്നത്. 48.57 കോടി രൂപയുടെ പദ്ധതികൾക്കാണ് ജില്ലയിൽ ഭരണാനുമതി ലഭിച്ചത്.
മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ടൂറിസം വകുപ്പ് അന്താരാഷ്ട്ര നിലവാരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് ജില്ലയിലെ ടൂറിസം രംഗത്ത് നടപ്പിലാക്കി വരുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ 8.53 കോടി രൂപയുടെ വികസന പദ്ധതികൾക്കും 2022- 23 സാമ്പത്തിക വർഷത്തിൽ 40.04 കോടി രൂപയുടെ വികസന പദ്ധതികൾക്കുമാണ് ജില്ലയിൽ ഭരണാനുമതി ലഭിച്ചത്.
കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മുൻകാലങ്ങളിൽ ഭരണാനുമതി ലഭിച്ച കുറ്റിച്ചിറ കുളം നവീകരണം, തളി ക്ഷേത്രത്തിലെ വിനോദസഞ്ചാര വികസന പ്രവൃത്തികൾ, ഭട്ട് റോഡ് ബീച്ചിലെ ടൂറിസം വികസന പ്രവൃത്തികൾ, വയലട എക്കോ ടൂറിസം പദ്ധതി, ഗവ. ഗസ്റ്റ് ഹൗസിന്റെ അഡീഷണൽ ബ്ലോക്ക് നിർമ്മാണം, പെരുവണ്ണാമുഴി ഡാം ടൂറിസം വികസന പദ്ധതി എന്നിവ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കാൻ വകുപ്പിന് സാധിച്ചു.
ബേപ്പൂർ ബീച്ചിനെ അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കുന്നതിനായുള്ള വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതോടൊപ്പം ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന് അനുയോജ്യമായ സ്മാരകത്തിന്റെ നിർമ്മാണവും നടന്നുവരുന്നു. ലിറ്റററി കഫെ, അക്ഷര പൂന്തോട്ടം എന്നിവ ഉൾപ്പെടുത്തിയാണ് സ്മാരകത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുക.
കോഴിക്കോടിന്റെ ടൂറിസം വികസന ഭൂപടത്തിൽ മറ്റൊരു അധ്യായമായി കൂട്ടിച്ചേർക്കാൻ ഒരുങ്ങുകയാണ് ചാലിയം ബീച്ച് ടൂറിസം വികസന പദ്ധതികൾ. ദേശാടന പക്ഷികളുടെ പറുദീസയായ കടലുണ്ടി പക്ഷി സങ്കേതത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി 1.43 കോടി രൂപയുടെ പദ്ധതിക്കാണ് ടൂറിസം വകുപ്പ് രൂപം നൽകിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നടപ്പാത, ശൗചാലയങ്ങൾ, നടപ്പാലങ്ങൾ എന്നിവ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. കടലുണ്ടി ഗ്രാമപഞ്ചായത്തിലെ കോട്ടക്കടവ് പാലത്തോട് ചേർന്ന് ഫ്ലോട്ടിങ് റസ്റ്റോറന്റ് നിർമ്മിക്കുന്നതിന് 3.94 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇതിന്റെ അനുബന്ധ പ്രവർത്തികൾക്കായി 99.50 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചു.
ലോകനാർക്കാവിലെ തീർത്ഥാടന ടൂറിസം വികസനങ്ങൾക്കായി 4.50 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്. ഈ പദ്ധതിയിൽ ഗസ്റ്റ് റൂമുകൾ, ശുചിമുറികൾ എന്നിവ നടപ്പിലാക്കും. അതോടൊപ്പം കടത്തനാടൻ കളരിയുടെ ഓർമ്മകൾ പുതുക്കുന്നതിനായി കളരിയും ഈ ഗസ്റ്റ് ഹൗസിനോട് ചേർന്ന് നിർമ്മിക്കും. പദ്ധതി വേഗത്തിൽ പുരോഗമിച്ചു വരികയാണ്.
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലും ഒരു ടൂറിസം കേന്ദ്രമെങ്കിലും ഒരുക്കുക എന്ന ലക്ഷ്യത്തോടെ വിനോദസഞ്ചാര വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്വപ്ന പദ്ധതിയാണ് ഡെസ്റ്റിനേഷൻ ചലഞ്ച്. പദ്ധതിയുടെ ഭാഗമായി പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ ചാലിയാർ എക്കോ ടൂറിസം, മണിയൂർ ഗ്രാമപഞ്ചായത്തിൽ ചൊവ്വാപ്പുഴ എക്കോ ടൂറിസം എന്നീ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു കഴിഞ്ഞു.
പേരാമ്പ്ര നിയോജകമണ്ഡലത്തിലെ ചെയർമാല ഗുഹയും പരിസരവും വിനോദസഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി 3.72 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. സരോവരം ബയോ പാർക്ക് ടൂറിസം വികസനം, തിക്കോടി ടർട്ടിൽ ബീച്ച് വികസനം എന്നീ പദ്ധതികൾക്കായും ഭരണാനുമതി ലഭിച്ചു. ഇതിൽ സരോവരം ബയോപാർക്കിലെ വികസന പ്രവൃത്തികൾ പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമായി കഴിഞ്ഞു. ഇത്തരത്തിൽ വിനോദസഞ്ചാരികളുടെ മനസ്സറിഞ്ഞുള്ള വികസന പ്രവർത്തനങ്ങളാണ് ജില്ലയിൽ ടൂറിസം വകുപ്പ് നടപ്പിലാക്കി വരുന്നത്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS