Kerala കുട്ടികളുടെ ഹാജറും പഠനപുരോഗതിയും അറിയാൻ കൈറ്റിന്റെ ‘സമ്പൂർണ പ്ലസ് ‘ ആപ്
- by TVC Media --
- 17 Jun 2023 --
- 0 Comments
കൈറ്റ് തയ്യാറാക്കിയ ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. കുട്ടികളുടെ ഹാജർ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്‌കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനും സഹായിക്കുന്നതാണ് സമ്പൂർണ പ്ലസ് മൊബൈൽ ആപ്.
കുട്ടികളെ സംബന്ധിക്കുന്ന വിവരം സംസ്ഥാന സർക്കാരിന്റെ സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ നിലനിർത്തി ഡാറ്റയുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തിക്കൊണ്ടാണ് മൊബൈൽ ആപ് കൈറ്റ് വികസിപ്പിച്ചത്.
അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും പ്രത്യേകം ലോഗിൻ സൗകര്യവും സമ്പൂർണ പ്ലസിൽ ഉണ്ടാകും. നിലവിൽ കുട്ടികളുടെ ഫോട്ടോ സ്‌കാൻ ചെയ്‌തോ അല്ലാതെയോ ആണ് സമ്പൂർണയിൽ അപ്‌ലോഡ് ചെയ്യുക. എന്നാൽ അധ്യാപകന് സമ്പൂർണ പ്ലസ് ആപ് ഉപയോഗിച്ച് കുട്ടിയുടെ ചിത്രമെടുത്ത് നേരിട്ട് എളുപ്പത്തിൽ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനാകും. ‘സമഗ്ര’ വിഭവ പോർട്ടലിലെ പഠനസഹായികൾ അനായാസമായി സമ്പൂർണ്ണ പ്ലസ് ആപ്പ് വഴി കുട്ടികൾക്ക് തുടർന്ന് ലഭിക്കും.
മൊബൈൽ ആപ്പായി മാത്രമല്ല വെബ് പതിപ്പായി സാധാരണ കമ്പ്യൂട്ടറുകളിലും സമ്പൂർണ പ്ലസിലെ സേവനങ്ങൾ ലഭ്യമാകും.സ്‌കൂൾ കുട്ടികൾക്കായി പ്രത്യേകം സൈബർ സേഫ്റ്റി പ്രോട്ടോകോൾ തയാറാക്കി പ്രസിദ്ധീകരിച്ച സംസ്ഥാനമാണ് കേരളമെന്നും ഇവ കൃത്യമായി പാലിക്കുന്നതിനും കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെയ്ക്കാതിരിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്ലേസ്റ്റോറിൽ നിന്ന് ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. സമ്പൂർണ പ്ലസ് പ്രയോജനപ്പെടുത്തുന്ന സ്‌കൂളുകളിൽ രക്ഷിതാവിന് സമ്പൂർണയിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ കഴിയും. സമ്പൂർണ പ്ലസിന്റെ ആദ്യഘട്ട വിന്യാസം താല്പര്യം പ്രകടിപ്പിക്കുന്ന സ്‌കൂളുകളിലായിരിക്കും. ജില്ലാ-അസംബ്ലി മണ്ഡലം-തദ്ദേശഭരണ സ്ഥാപനം എന്നിങ്ങനെയും പ്രത്യേക താല്പര്യമെടുത്ത് ഇത് നടപ്പാക്കാവുന്നതാണെന്നും ഇക്കാര്യത്തിൽ എം.എൽ.എമാർക്കും മറ്റ് ജനപ്രതിനിധികൾക്കും മുൻകൈ എടുക്കാമെന്നും മന്ത്രി പറഞ്ഞു. ഇതിനുള്ള വിശദാംശങ്ങൾ കൈറ്റ് പ്രത്യേകം പ്രസിദ്ധീകരിക്കും.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS