Kerala പ്ലസ് വൺ പ്രവേശനം; സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷ നാളെ സമർപ്പിക്കാം
- by TVC Media --
- 07 Jul 2023 --
- 0 Comments
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷ നാളെ സമർപ്പിക്കാം. രാവിലെ 10 മണി മുതലാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസരം. ഒൻപത് മണി മുതൽ വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാകും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കോ, അലോട്ട്മെന്റ് ലഭിച്ചിട്ട് ഹാജരാകാത്തവർക്കോ സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാനാവില്ല. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടത് മൂലം പ്രവേശനം നേടാനാകാതെ പോയവർക്ക്, വേണ്ട തിരുത്തലുകൾ വരുത്തി അപേക്ഷ നൽകാം.
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ അഞ്ചിന് തുടങ്ങി. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വോക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 22,145 പേർ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഒഴിവുകളിലുള്ള അപേക്ഷ ജൂലൈ 8 മുതൽ 12 വരെയാണ്. അതേസമയം, പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങിയിട്ടും മലപ്പുറത്ത് പ്രതിസന്ധി തുടരുകയാണ്.
വിദ്യാർത്ഥികൾ പണം കൊടുത്ത് പഠിക്കേണ്ട അൺ എയ്ഡഡ് മേഖലയും, വിഎച്ച്എസ്ഇ പോലുള്ള മറ്റ് കോഴ്‌സുകളിലെ സീറ്റുകളും പരിഗണിച്ചാൽ പോലും പതിനയ്യായിരത്തോളം പേർ പുറത്താണ്. മലപ്പുറത്ത് പ്ലസ് വണ്ണിനായി അപേക്ഷിച്ചവർ 81022 പേരാണ്. 47424 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. 33598 പേർ സീറ്റ് കിട്ടാതെ പുറത്താണ്. എയ്ഡഡ് സ്കൂളിലെ കമ്മ്യൂണിറ്റി മാനേജ്മെന്റ് ക്വോട്ട, സാമ്പത്തിക ഭാരത്തോടെ പഠിക്കേണ്ട അൺ എയ്ഡഡ് മേഖല, ഐടിഐ, പോളി ടെക്നിക്, വിഎച്ച്എസ്ഇ തുടങ്ങിയ മറ്റു കോഴ്‌സുകളുടെയും സീറ്റുകൾ പരിഗണിച്ചാൽ പോലും 15000 പേർ പുറത്താകും. സാമ്പത്തിക ബാധ്യത കാരണം പല കുട്ടികളും അണ് എയ്ഡഡ് സീറ്റുകൾ തെരെഞ്ഞെടുക്കാറില്ല.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS