Kerala കോഴിക്കോട് ക്ലീനാകും; ബയോമെഡിക്കൽ മാലിന്യശേഖരണത്തിന് പദ്ധതിയുമായി കോർപ്പറേഷൻ

വീടുകളിലെ ഡയപ്പറുകളും, സാനിറ്ററി നാപ്കിനുകളും ഉള്‍പ്പെടെയുളള ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്കരിക്കാൻ പുതിയ സംവിധാനം ഒരുക്കി കോർപ്പറേഷൻ. കുറഞ്ഞ യൂസർ ഫീ ഈടാക്കി വീടുകളിൽനിന്ന്‌ ബയോമെഡിക്കൽ മാലിന്യം ശേഖരിച്ച്‌ സംസ്‌കരിക്കുന്ന പദ്ധതിയാണ് കോർപ്പറേഷൻ നടപ്പിലാക്കുന്നത്. 

കിടപ്പുരോഗികൾ ഉളള വീടുകളില്‍ നിന്നും മാലിന്യങ്ങളും മറ്റും ഒഴിവാക്കുന്നതിന് സ്ഥലം കണ്ടെത്താന്‍ കഴിയാതെ ആളുകള്‍ വിഷമിക്കുന്ന പശ്ചാത്തലത്തിലാണ് കോര്‍പ്പറേഷന്‍ എ ഫോർ മർക്കന്റൈൽസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് പദ്ധതി ആവിഷ്കരിച്ചത്. ഇതുവഴി വീടുകളില്‍ നിന്നുളള ബയോമെഡിക്കല്‍ മാലിന്യം ഒരു കിലോയ്ക്ക് 45 രൂപ എന്ന നിരക്കില്‍ കൈമാറാന്‍ കഴിയും. മാലിന്യം പൊതുമേഖലാ സ്ഥാപനമായ കൊച്ചിയിലെ കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് വഴി ശാസ്ത്രീയമായി സംസ്കരിക്കും.

വീട്ടുകാർ മാലിന്യം സംഭരിച്ച് വെച്ചശേഷം കൊണ്ടുപോകാനായാൽ മൊബൈല്‍ ആപ്പിലൂടെ എ ഫോർ മർക്കന്റൈൽസിനെ അറിയിച്ചാൽ അവർ വീടുകളിലെത്തും. ശേഖരിച്ചുവെക്കാനായി വീട്ടുകാർക്ക് പ്രത്യേക സഞ്ചിയും നൽകും. ഇതിനായി നിലവിൽ മൂന്നു വാഹനങ്ങൾ ഏജൻസി ഏർപ്പാടാക്കിയിട്ടുണ്ട്. പദ്ധതിക്ക് ഈ മാസം തന്നെ തുടക്കമാകുമെന്ന് കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ പറഞ്ഞു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT