Kerala ആധാര്‍ എന്റോള്‍മെന്റ് പൂർത്തിയാക്കിയ ആദ്യ ജില്ലയായി വയനാട്

വയനാട്:  അഞ്ച് വയസ്സില്‍ താഴെ പ്രായപരിധിയിലുളള കുട്ടികളുടെ സമ്പൂര്‍ണ്ണ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ലയായി വയനാട് മാറി. മെഗാ ക്യാമ്പുകള്‍ വഴിയും, ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ട് എത്തിയും അഞ്ച് വയസിനു താഴെ പ്രായമുള്ള 44487 കുട്ടികള്‍ ജില്ലയില്‍ ആധാര്‍ എന്റോള്‍മെന്റില്‍ പങ്കാളികളായി.

സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ 2221 കുട്ടികളും മാനന്തവാടി നഗരസഭ 2352, കല്‍പ്പറ്റ നഗരസഭ 1629, അമ്പലവയല്‍ 1771, മൂപ്പൈനാട് 1776, മേപ്പാടി 1969, തിരുനെല്ലി 1304, മുട്ടില്‍ 1857, കണിയാമ്പറ്റ 2210, നൂല്‍പ്പുഴ 1572, പൂതാടി 1852, തരിയോട് 571, വൈത്തിരി 993, മുളളങ്കൊല്ലി 1154, തവിഞ്ഞാല്‍ 2107, വെങ്ങപ്പള്ളി 609, നെന്മേനി 2660, വെള്ളമുണ്ട 2688, പൊഴുതന 732, പനമരം 2991, തൊണ്ടര്‍നാട് 1712, എടവക 2086, കോട്ടത്തറ 968, മീനങ്ങാടി 1734, പടിഞ്ഞാറത്തറ 1599, പുല്‍പ്പള്ളി 1380 കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് നടത്തി.

ജില്ലയിലെ 5 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നത് ഉറപ്പുവരുത്തുന്നതിന് ജില്ലാ ഭരണകൂടം നടപ്പാക്കിയ പദ്ധതിയാണ് 'എ ഫോര്‍ ആധാര്‍'. രണ്ട് ഘട്ടങ്ങളിലായി അക്ഷയ കേന്ദ്രങ്ങള്‍, ഇന്ത്യന്‍ പോസ്റ്റല്‍ ബാങ്കിംഗ് സര്‍വ്വീസ്, ധനലക്ഷ്മി ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തില്‍ വിവിധയിടങ്ങളിലായി ക്യാമ്പുകള്‍ നടത്തിയാണ് ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തീകരിച്ചത്.

ആധാര്‍ എന്റോള്‍മെന്റിന് ആവശ്യമായ രേഖയായ ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കും, ജനന സര്‍ട്ടിഫിക്കറ്റില്‍ പേരു ചേര്‍ക്കുന്നതിനുമായി പഞ്ചായത്ത് തലത്തില്‍ വിവിധ ദിവസങ്ങളിലായി ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. അക്ഷയ, വനിതാ ശിശു വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് എന്നിവ വകുപ്പുകള്‍, ഇന്ത്യന്‍ പോസ്റ്റല്‍ ബാങ്കിംഗ് സര്‍വീസ്, ധനലക്ഷ്മി ബാങ്ക് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ നടപ്പിലാക്കിയത്.

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ വകുപ്പുതല ഉദ്യോഗസ്ഥരുടെ 20ലധികം വിശകലനയോഗങ്ങളും ഓരോഘട്ടത്തിലും ജില്ലയിലെ മുഴുവന്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരുടെ വിശകലന യോഗങ്ങളും എസ്.ടി പ്രമോട്ടര്‍മാരുടെ യോഗവും ചേര്‍ന്നാണ് 'എ ഫോര്‍ ആധാര്‍' ക്യാമ്പയിൻ പൂര്‍ത്തിയാക്കിയത് .

പൂതാടി അങ്കണവാടിയില്‍ നടന്ന ചടങ്ങില്‍ 'എ ഫോര്‍ ആധാര്‍' പൂര്‍ത്തീകരണ പ്രഖ്യാപന പോസ്റ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പ്രകാശനം ചെയ്തു. 'എ ഫോര്‍ ആധാര്‍' പൂര്‍ത്തികരണ പ്രഖ്യാപന വീഡിയോ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിച്ചു,  ചടങ്ങില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT