Kerala റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റ് പരസ്യത്തില്‍ ഇനിമുതല്‍ ക്യൂ ആര്‍ കോഡ് നിര്‍ബന്ധം

തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റ് വില്പനയ്ക്കായി പരസ്യപ്പെടുത്തുമ്പോള്‍ പ്രൊജക്റ്റിന്റെ വിശദാംശങ്ങളിലേക്കുള്ള ക്യൂ ആര്‍ കോഡ് ഇനി മുതല്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. സെപ്തംബര്‍ ഒന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും.

ഇത് സംബന്ധിച്ച ഉത്തരവ് ശനിയാഴ്ച കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പുറത്തിറക്കി.പരസ്യത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കെ-റെറ രജിസ്ട്രേഷന്‍ നമ്പര്‍, അഡ്രസ് എന്നിവയോടൊപ്പം തന്നെ വ്യക്തമായി കാണത്തക്ക വിധം വേണം ക്യൂ ആര്‍ കോഡ് പ്രദര്‍ശിപ്പിക്കാന്‍. പത്രമാധ്യമങ്ങള്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍, ബ്രോഷറുകള്‍, പ്രൊജക്റ്റ് സൈറ്റില്‍ സ്ഥാപിക്കുന്നതുള്‍പെടെയുള്ള ഹോര്‍ഡിങ്ങുകള്‍, സമൂഹമാധ്യമങ്ങള്‍, ഡെവലപര്‍മാരുടെ വെബ്സൈറ്റ്, അവരുടെ ഓഫീസ് തുടങ്ങി എവിടെയെല്ലാം പരസ്യം പ്രദര്‍ശിപ്പിച്ചാലും ക്യൂ ആര്‍ കോഡ് നിര്‍ബന്ധമാണ്.

പ്രൊമോട്ടര്‍മാര്‍ക്ക് തങ്ങളുടെ പ്രൊജക്റ്റിന്റെ ക്യൂ ആര്‍ കോഡ് കെ-റെറ പോര്‍ട്ടലിലുള്ള പ്രൊമോട്ടേഴ്സ് ഡാഷ്ബോര്‍ഡില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ കെ-റെറയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ചേര്‍ത്തിട്ടുള്ള റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ ഉപഭോക്താവിന് കാണാന്‍ സാധിക്കും. രജിസ്ട്രേഷന്‍ നമ്പര്‍, സാമ്പത്തിക പുരോഗതി, പൊതുസൗകര്യങ്ങളുടേത് ഉള്‍പെടെയുള്ള നിര്‍മാണ പുരോഗതി, ത്രൈമാസ പുരോഗതി റിപ്പോര്‍ട്ട്, അംഗീകൃത പ്ലാനുകള്‍ തുടങ്ങി പ്രൊജക്റ്റിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വരെ ഇതില്‍പെടും.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സുതാര്യതയിലേക്കുള്ള അടുത്ത ഒരുവലിയ ചുവടുവയ്പായിരിക്കും ഈ നീക്കമെന്ന് കെ-റെറ ചെയര്‍മാന്‍ പി.എച്ച്. കുര്യന്‍ പറഞ്ഞു. ഉത്തരവ് rera.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT