അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ; പൊലീസ് അന്വേഷണം കൂടുതൽ പേരിലേക്ക് മലപ്പുറം: വീട്ടില്‍ പ്രസവത്തിനിടെ പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ മരിച്ച സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ

മലപ്പുറം: വീട്ടില്‍ പ്രസവത്തിനിടെ പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ മരിച്ച സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച തുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഫാത്തിമയെ വിശദമായി ചോദ്യം ചെയ്യും. അസ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സിറാജുദ്ദീന്‍ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അസ്മയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ബന്ധു കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അസ്മയുടെ മൃതദേഹത്തോട് പോലും അനാദരവ് കാട്ടിയെന്ന് മാതൃസഹോദരന്‍ ചേലക്കുളം തേളായി വീട്ടില്‍ മുഹമ്മദ്കുഞ്ഞ് പെരുമ്പാവൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പുൽപായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹം വീട്ടിലെത്തിച്ചതെന്നും ഇതേതുടർന്ന് സിറാജുദ്ദീന്‍റെ ഒപ്പമെത്തിയവരും അസ്മയുടെ ബന്ധുക്കളും തമ്മിൽ സംഘർഷമുണ്ടായെന്നും മുഹമ്മദ്കുഞ്ഞ് പറഞ്ഞു.

മരണവിവരം മലപ്പുറത്ത് വാടകക്ക് താമസിച്ച വീട്ടുകാരനെയോ പൊലീസിനെയോ അറിയിച്ചില്ല. വൈകീട്ട് ആറിന്​ യുവതി പ്രസവിച്ചു. ഇതിനുശേഷം അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ വെള്ളം മന്ത്രിച്ചു കൊടുത്തും അക്യുപങ്​​ചര്‍ ചികിത്സയിലൂടെയും ശമനമുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു സിറാജുദ്ദീന്‍. മരണവിവരം തങ്ങളെ അറിയിക്കാതെ ആലപ്പുഴയിലെ സുഹൃത്തിനെ വിളിച്ച് അറിയിച്ചതിലും ദുരൂഹതയുള്ളതായും മുഹമ്മദ്​കുഞ്ഞ്​ പറയുന്നു.

അസ്മ മരിച്ച വിവരം നാല് സഹോദരങ്ങളിൽ ഒരാളെയും അറിയിച്ചില്ല. പകരം, അസ്മയുടെ സഹോദര ഭാര്യയുടെ സഹോദരനെയാണ് ഇക്കാര്യം അറിയിച്ചത്. ഇദ്ദേഹമാണ് ഞായറാഴ്ച പുലർച്ചെ മൂന്നു മണിക്ക് അറയ്ക്കപ്പടിയിലെ വീട്ടിൽ മരണവിവരം അറിയിച്ചത്. മരണവിവരം മറച്ചുവെക്കാനും വേഗത്തിൽ ഖബറടക്കാനുമാണ് അറയ്ക്കപ്പടിയിലെ വീട്ടിൽ അതിരാവിലെ മൃതദേഹം എത്തിച്ചത്. ബന്ധുക്കൾ എതിർക്കുകയും പൊലീസിൽ അറിയിക്കുകയും ചെയ്തതാണ് സംഭവം പുറംലോകം അറിയാൻ കാരണമെന്നും മുഹമ്മദ്കുഞ്ഞ് വ്യക്തമാക്കി.

മലപ്പുറം ഈസ്റ്റ് കോഡൂരില്‍ വീട്ടില്‍ പ്രസവത്തിനിടെ പെരുമ്പാവൂര്‍ അറക്കപ്പടി കൊപ്രമ്പില്‍ വീട്ടില്‍ പരേതനായ ഇബ്രാഹീം മുസ്​ലിയാരുടെ മകള്‍ അസ്മ മരിച്ച സംഭവത്തിൽ ഭർത്താവ്​ സിറാജുദ്ദീനെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കുറ്റം ചുമത്തിയാണ്​ അറസ്റ്റ്​.

മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്നാണ് പോസ്റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. നേരത്തേ ആവശ്യമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ മരണം ഒഴിവാക്കാനാകുമായിരുന്നു എന്നും ഡോക്ടർമാർ പറയുന്നു.

 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT