Kerala രണ്ട് ജില്ലകളിലൊഴികെ ഇന്നും വേനൽ മഴ പെയ്തേക്കും, കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാ​ഗം. കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ കാരണം പലയിടങ്ങളിലും ചൂട് ക്രമാതീതമായി കുറഞ്ഞു. 

അതേസമയം, കൊച്ചിയിൽ അമ്ല മഴയെന്ന പ്രചാരണത്തിനിടെ ആദ്യ വേനൽ മഴ വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡിന് ഗുരുതര വീഴ്ചയെന്ന് ആരോപണം. ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ട മലിനീകരണ നിയന്ത്രണ ബോർഡ് ആദ്യമഴയുടെ സാമ്പിൾ ഒന്നും ശേഖരിച്ചില്ല. പ്രോട്ടോകോൾ പ്രകാരം സാമ്പിൾ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ന്യായം.

മഴവെള്ളം ഒലിച്ച് അത് മറ്റ് ജലശ്രോതസ്സുകളിലേക്ക് വരാൻ സാധ്യതയുണ്ടെന്നും അത് ഭയക്കേണ്ടതുണ്ടെന്നുമാണ് ബ്രഹ്മപുരത്തെ തീപിടുത്തതിന് ശേഷമുള്ള ആദ്യ മഴയെ ഭയക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എഞ്ചിനീയർ നൽകിയ മറുപടി. തീപിടുത്തം മൂലം അന്തരീക്ഷത്തിൽ മാരക രാസപദാർത്ഥങ്ങൾ ഉണ്ടാകാമെന്നും ആദ്യത്തെ മഴ, അമ്ല മഴയാകുമെന്നുമൊക്കെ ദിവസങ്ങൾക്ക് മുമ്പേ ആശങ്ക പ്രചരിക്കുന്നുമുണ്ട്. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT