Kerala ആയിരത്തോളം ബിപിഎൽ കുടുംബങ്ങളിൽ ഇന്റർനെറ്റ് കണക്ഷനെത്തിച്ച് കെ ഫോൺ
- by TVC Media --
- 17 Apr 2023 --
- 0 Comments
തിരുവനന്തപുരം: ഔദ്യോഗിക ഉദ്ഘാടനം നീളുന്നതിനിടെ സംസ്ഥാനത്ത് ആയിരത്തോളം ബിപിഎൽ കുടുംബങ്ങൾക്ക് ഇന്റര്‍നെറ്റ് കണക്ഷനെത്തിച്ച് കെ ഫോൺ. 14,000 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനെന്നായിരുന്നു പ്രഖ്യാപനമെങ്കിലും തദ്ദേശ വകുപ്പ് ഇതുവരെ കൈമാറിയത് പകുതി പേരുടെ ലിസ്റ്റ് മാത്രമാണ്. വരുമാന വര്‍ദ്ധന നിര്‍ദ്ദേശങ്ങളും അതിന്റെ ടെണ്ടര്‍ നടപടികളും കെ ഫോൺ ബോര്‍ഡ് യോഗം വിശദമായി പരിശോധിക്കും.
മലയാളിക്കുള്ള വിഷു സമ്മാനമായി ഔദ്യോഗിക ഉദ്ഘാടനം നടത്താമെന്നായിരുന്നു കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചര്‍ച്ചയിൽ കെ ഫോൺ ഉണ്ടാക്കിയ ധാരണ.അത് നടന്നില്ല. പകരം സര്‍ക്കാര്‍ നൽകിയ ലിസ്റ്റിൽ പെട്ട 7569 ബിപിഎൽ കുടുംബങ്ങൾക്ക് ഇന്റര്‍ നെറ്റ് എത്തിക്കാനുള്ള നടപടികൾ കെ ഫോൺ തുടങ്ങിവച്ചു. തൃശ്ശൂര്‍, കോട്ടയം, മലപ്പുറം ജില്ലകളിലായി 1000 ഓളം പേര്‍ക്ക് ഇതുവരെ കേരളാ വിഷൻ വഴി കണക്ഷൻ എത്തിച്ചിട്ടുണ്ട്. 10 മുതൽ 15 എംബിപിഎസ് വരെ വേഗതയാണ് വാഗ്ദാനം.
ഒരു ദിവസം പരമാവധി ഉപയോഗിക്കാവുന്നത് ഒന്നര ജിബി ഡാറ്റയാണ്. സാങ്കേതിക സഹായം കേരളാ വിഷനും ഡാറ്റ നൽകുന്നത് കെ ഫോണും. ഒപ്റ്റിക്കൽ ഫൈബര്‍ നെറ്റ്‌വര്‍ക്ക് വാടകക്ക് നൽകുന്നത് അടക്കം ടെണ്ടര്‍ നടപടികളെല്ലാം ബോര്‍ഡ് യോഗത്തിന്റെ അനുമതിയോടെ മാത്രമേ നടത്താവൂ എന്നാണ് കെ ഫോണിന് സര്‍ക്കാര്‍ നൽകിയ നിര്‍ദ്ദേശം. 48 ഒപ്റ്റിക്കൽ ഫൈബര്‍ ശൃംഘലകളുണ്ട്. കെ ഫോണിനും കെഎസ്ഇബിക്കും ആവശ്യമുള്ളത് പരമാവധി 22 എണ്ണം. ബാക്കി 26 ലൈൻ വാടകക്ക് നൽകാം. പൊതു ഇടങ്ങളിൽ പണം ഈടാക്കി വൈഫൈ ഹോട് സ്പോട്ടുകളടക്കം പലവിധ പദ്ധതികളാണ് പരിഗണനയിൽ.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS