Kerala തിരുവനന്തപുരത്ത് അനെർട്ടിന്റെ സൂര്യകാന്തി എക്‌സ്‌പോ
- by TVC Media --
- 30 May 2023 --
- 0 Comments
സൗരോർജ്ജ സാധ്യതകളെപ്പറ്റി പൊതുജനങ്ങളെ ബോധവാന്മാരാക്കാൻ അനെർട്ടിന്റെ നേതൃത്വത്തിൽ സൂര്യകാന്തി - 2023 അനെർട്ട് എക്‌സ്‌പോ മേയ് 30 മുതൽ ജൂൺ ഒന്നു വരെ തൈക്കാട് പോലീസ് മൈതാനത്ത്. പ്രദർശനമേളയുടെയും സോളാർ സിറ്റി പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ചടങ്ങിൽ തിരുവനന്തപുരം നഗരത്തെ സോളാർ സിറ്റി ആയി മുഖ്യമന്ത്രി പ്രഖ്യാപിക്കും. തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ പൊതു കെട്ടിടങ്ങളുടെയും എറണാകുളം ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളുടെയും സൗരോർജവൽക്കരണം, സർക്കാർ സബ്സിഡിയോടെ ഗാർഹിക ഉപഭോക്താക്കൾക്കായി സൗരോർജ നിലയങ്ങൾ സ്ഥാപിക്കുക എന്നീ പദ്ധതികളുടെ പ്രാരംഭഘട്ട ഉദ്ഘാടനവും നടക്കും.
അക്ഷയ ഊർജ്ജസ്രോതസ്സുകളായ സൗരോർജ്ജം, പവനോർജ്ജം തുടങ്ങിയവയുടെ സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തി സ്വയം പര്യാപ്തത കൈവരിക്കാൻ ആണ് സംസ്ഥാന സർക്കാർ സോളാർ സിറ്റി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പുതു കെട്ടിടങ്ങളുടെ സൗരോർജ വൽക്കരണത്തിനായി 128 കോടി രൂപയുടെ നീക്കിയിരുപ്പാണ് സ്മാർട്ട്സിറ്റി നടത്തിയിരിക്കുന്നത്. നിലവിൽ തിരുവനന്തപുരം നഗരപരിധിയിലെ 400 സർക്കാർ കെട്ടിടങ്ങളിൽ അനെർട്ട് സാധ്യത പഠനം പൂർത്തിയാക്കി. അവയുടെ ആദ്യഘട്ടമായി സ്മാർട്ട് സിറ്റിയുടെ ധനസഹായത്തോടെ 18 കോടി രൂപ ചെലവിൽ 150 കെട്ടിടങ്ങളിൽ നാലു MW ശേഷിയുള്ള പവർ പ്ലാന്റുകൾ ഇതിനോടകം സ്ഥാപിച്ചു. എറണാകുളം ജില്ലയിലെ 48 പോലീസ് സ്റ്റേഷൻ കെട്ടിടങ്ങളിലായി 257kW ശേഷിയുള്ള സൗരോർജ നിലയങ്ങൾ അനെർട്ട് വാർഷിക പദ്ധതിയുടെ ഭാഗമായി 1,16,46,459 രൂപ വകയിരുത്തിയാണ് നിർമ്മാണം പൂർത്തിയാക്കിയത്.
ഗാർഹിക ഉപഭോക്താക്കൾക്കായി വീടുകളിൽ സൗരോർജ്ജനിലയം സ്ഥാപിക്കാൻ 20 മുതൽ 40 ശതമാനം വരെയുള്ള സർക്കാർ സബ്സിഡികൾ ലഭ്യമാണ്. www.buymysun.com എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന ഉപഭോക്താക്കൾക്ക് മുൻഗണനാ ക്രമത്തിൽ സബ്സിഡി ആനുകൂല്യങ്ങൾ ലഭ്യമാകും. അവയ്ക്കു പുറമെ ബാങ്കുകളുടെ ലോൺ സേവനം സ്വീകരിക്കുന്ന ഉപഭോക്താക്കൾക്ക് പലിശയുടെ നാലു ശതമാനം അനെർട്ട് ഏറ്റെടുക്കുന്നതാണ്. തിരുവനന്തപുരം നഗരപരിധിയിലെ വീടുകളിൽ 100 MW ശേഷി വരുന്ന സൗരോർജ്ജ പവർ പ്ലാന്റുകൾ കേന്ദ്ര ധനസഹായത്തോടെ സ്ഥാപിക്കാനുള്ള നടപടികൾ ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്.
ഇത്തരം പദ്ധതികളെക്കുറിച്ചും അവയുടെ സാധ്യതകൾ പൊതുജനമധ്യെ എത്തിക്കാനും അവരുടെ സഹകരണം ഉറപ്പുവരുത്തുവാനുമാണ് സൂര്യകാന്തി എക്‌സ്‌പോയിലൂടെ ലക്ഷ്യമിടുന്നത്. സൗരോർജ്ജ ഉപകരണങ്ങളുടെ പ്രദർശനം, വിവിധ നിർമ്മാതാക്കളുടെയും അവ സ്ഥാപിച്ചു നൽകുന്നവരുടെയും സാന്നിധ്യം, സബ്സിഡി രജിസ്ട്രേഷൻ സൗകര്യങ്ങൾ, വിവിധ ഇലക്ട്രിക് വാഹനങ്ങളുടെ പ്രദർശനം, ചാർജിങ് സ്റ്റേഷനുകളുടെ മാതൃക, വിവിധ ബാങ്കുകളുടെ സേവനം, അന്താരാഷ്ട്ര നിലവാരമുള്ള സെമിനാറുകൾ, ചർച്ചകൾ എന്നിവയാണ് പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് BLDC ഫാനുകളും ബംബർ നറുക്കെടുപ്പിലൂടെ മൂന്നു പേർക്ക് 2 കിലോ വാട്ട് സോളാർ പവർ പ്ലാന്റും സമ്മാനമായി ലഭിക്കും.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS