Kerala ഓപ്പറേഷൻ വാഹിനിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി
- by TVC Media --
- 12 Jun 2023 --
- 0 Comments
എറണാകുളം ജില്ലയിലെ പ്രധാന ജലാശയങ്ങളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിന് ചെളിയും എക്കലും പോളയും നീക്കം ചെയ്യുന്ന ഓപ്പറേഷൻ വാഹിനിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. രണ്ടാംഘട്ടം 20 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.
രണ്ടാംഘട്ടം ആരംഭിച്ച മുട്ടാർ പുഴയിലെ പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി .രണ്ട് പ്രളയാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞവർഷം ഓപ്പറേഷൻ വാഹിനിക്ക് തുടക്കം കുറിച്ചത്. പുഴയിലൂടെ ഒഴുകിവരുന്ന വെള്ളം കൈവഴികളിലൂടെ കായലിലേക്കും കടലിലേക്കും സുഗമമായി പോകുന്നതിനാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്.
കഴിഞ്ഞ തവണ മികച്ച രീതിയിൽ നടപ്പിലാക്കുവാൻ കഴിഞ്ഞു. 30 കോടി രൂപ ചെലവഴിച്ചു. ഇത്തവണ 4.46 കോടി രൂപയാണ് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
മുട്ടാർ പുഴ, മാഞ്ഞാലി തോട്, ഇടപ്പള്ളി തോട്, കൈപ്പെട്ടിപ്പുഴ തോട് ഉൾപ്പെടെ ജില്ലയിലെ പ്രധാന 38 ജലാശയങ്ങളിലെ നീരൊഴുക്ക് സുഗമമാക്കുന്നതാണ് ഓപ്പറേഷൻ വാഹിനിയുടെ രണ്ടാം ഘട്ടം. മുട്ടാർ പുഴയിലെ പ്രവർത്തനങ്ങൾ കഴിഞ്ഞദിവസം ആരംഭിച്ചു.ചെളി നിൽക്കുന്നതിനും മറ്റുമായി 12 യന്ത്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
പദ്ധതിയുടെ ഭാഗമായി വൈപ്പിൻ മേഖലയിലെ കായൽ മുഖങ്ങളിലൂടെ ജലമൊഴുക്ക് സുഗമമാകുവെന്നും മന്ത്രി പറഞ്ഞു.ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഇറിഗേഷൻ വകുപ്പിന്റെ പ്രധാന ചുമതലയിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി വിജയകരമായി നടപ്പിലാക്കിയതു മൂലം കഴിഞ്ഞ മഴക്കാലത്ത് ജില്ലയിൽ പെരിയാറിന്റേയും മൂവാറ്റുപുഴയാറിന്റെയും കരയിലെ പല പ്രദേശങ്ങളേയും വെള്ളപ്പൊക്കം ബാധിച്ചിരുന്നില്ല.ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ്, ഏലൂർ നഗരസഭ ചെയർമാൻ എ.ഡി സുജിൽ, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ഉഷാ ബിന്ദു മോൾ, മൈനർ ഇറിഗേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ ബാജി ചന്ദ്രൻ, മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി. അബ്ബാസ് തുടങ്ങിയവർ പങ്കെടുത്തു.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS