Kerala മത്സ്യ ബന്ധനമേഖല കൂടുതൽ ആധുനികവത്ക്കരിക്കാൻ നടപടികൾ സ്വീകരിക്കും
- by TVC Media --
- 16 May 2023 --
- 0 Comments
മത്സ്യ ബന്ധനമേഖല കൂടുതൽ ആധുനികവത്ക്കരിക്കുന്നതിനാവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. നിലവിൽ ഉപയോഗിക്കുന്ന മണ്ണെണ്ണ എഞ്ചിനുകൾ മാറ്റി അവയ്ക്ക് പകരം പെട്രോളിലും ഡീസലിലും എൽ.പി.ജിയിലും പ്രവർത്തിപ്പിക്കുന്നവ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ. കോഴിക്കോട് സൗത്ത് മണ്ഡലം തീരസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
159 ലക്ഷം രൂപ മുതൽമുടക്കി ആഴക്കടൽ മത്സ്യ ബന്ധനത്തിനായി ആധുനിക സംവിധാനമുള്ള പത്ത് ബോട്ടുകൾ വാങ്ങിയിട്ടുണ്ട്. ഇതിലൂടെ യന്ത്രവൽകൃത മത്സ്യബന്ധനം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. അപകടരഹിതമായ മത്സ്യബന്ധനം സാധ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ തുടർച്ചയായി മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനാവശ്യമായ നടപടികളും സ്വീകരിക്കും.
മത്സ്യ സംരക്ഷണം, സംഭരണം, വിപണനം, ഗുണനിലവാരം, പരിപാലനം എന്നിവ ഉറപ്പാക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ഇടത്തരക്കാരുടെ ചൂഷണത്തിൽ നിന്നും മത്സ്യത്തൊഴിലാളികളെ രക്ഷിക്കും. ഇതോടൊപ്പം മത്സ്യത്തിന് ന്യായവില ഉറപ്പാക്കുന്നതിനാവശ്യമായ നിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. കടലിൽ പോയി ഏത് സാഹചര്യത്തിൽ മരണപ്പെട്ടാലും ആ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായമായി നൽകും. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾ ഇൻഷുറൻസ് എടുക്കണമെന്നും മന്ത്രി നിർദേശിച്ചു.
തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. തീരദേശ ജനതയെ ചേർത്ത് പിടിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. ഈ മേഖലയിൽ ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ഇടപെടലുകൾ ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. 87 പരാതികളാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ തീരസദസ്സിൽ പരിഗണനയ്ക്ക് ലഭിച്ചത്. ഇവയിൽ ഉടനടി പരിഹരിക്കാനാകുന്നവ പരിഹരിച്ചെന്നും ശേഷിക്കുന്നവ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് സൗത്ത് മണ്ഡലം തീര സദസ്സിന് മുന്നോടിയായി മന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും മത്സ്യത്തൊഴിലാളി പ്രതിനിധകളുടെയും ചർച്ച നടന്നു. കല്ലായിപ്പുഴ നവീകരിക്കുന്നതിന് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ അടിയന്തിരയോഗം ചേരണമെന്ന് മന്ത്രി നിർദ്ദേശിച്ചു. മത്സ്യത്തൊഴിലിൽ ഏർപ്പെടുന്നവർക്ക് വീട്ടിൽ നിന്നും കടലിലേക്കും തിരിച്ചും സഞ്ചരിക്കുന്നതിനായി വാഹന സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കും.
മത്സ്യബന്ധനത്തിന് ആവശ്യമായ മുഴുവൻ സാധനങ്ങളും മത്സ്യഫെഡിന്റെ സ്റ്റോറിൽ ലഭ്യമാക്കണം. മണ്ഡലത്തിൽ പട്ടയം ലഭിക്കാത്ത തീരദേശവാസികളുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണാൻ ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദേശം നൽകി. മത്സ്യതൊഴിലാളികളുടെ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് തുകയും പെൺകുട്ടികളുടെ വിവാഹധനസഹായ തുകയും വർദ്ധിപ്പിക്കുന്നത് പരിഗണിക്കും. മണ്ഡലത്തിലെ തോടുകൾ ജനകീയ കമ്മിറ്റി രൂപീകരിച്ച് ശുചീകരിക്കുന്നതിനാവശ്യമായ നടപടികൾ കെെക്കൊള്ളണം. തീരദേശത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജനകീയ സമിതികൾ രൂപീകരിച്ച് ക്യാമ്പയിനുകൾ നടത്തണമെന്നും മന്ത്രി ചർച്ചയിൽ നിർദേശിച്ചു. തീരദേശ മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് വിവിധ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.
കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, കൗൺസിലർമാർ, ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, ഡെപ്യൂട്ടി ഡയറക്ടർ ബി.കെ സുധീർ കിഷൻ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ് സ്വാഗതവും ഫിഷറീസ് ഉത്തരമേഖല ജോയിന്റ് ഡയറക്ടർ ആർ. അമ്പിളി നന്ദിയും പറഞ്ഞു. ചടങ്ങിൽ വിവിധ ആനുകൂല്യങ്ങളുടെ വിതരണവും പ്രതിഭയെ ആദരിക്കലും മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS