Kerala പകർച്ചവ്യാധി പ്രതിരോധം: ജൂലൈ മാസത്തേക്ക് പ്രത്യേക ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ്

പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.

പകർച്ചവ്യാധി പ്രതിരോധത്തിനും മികച്ച ചികിത്സ ഉറപ്പ് വരുത്തുന്നതിനുമാണ് ആക്ഷൻ പ്ലാൻ രൂപീകരിക്കുന്നത്. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പാലിക്കണം. ജലദോഷം, വൈറൽ പനികൾ, ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്ളുവൻസ- എച്ച്.1 എൻ.1, വയറിളക്ക രോഗങ്ങൾ എന്നിവയാണ് കൂടുതൽ കാണുന്നത്. കുട്ടികളിലെ പനി ശ്രദ്ധിക്കണം.

അസുഖമുള്ള കുട്ടികളെ സ്‌കൂളിൽ അയയ്ക്കരുത്. കൃത്യമായ ചികിത്സയും വിശ്രമവും ഉറപ്പാക്കണം. സ്വയംചികിത്സ പാടില്ല. നീണ്ടു നിൽക്കുന്ന പനിയോ അപായ സൂചനകളായ പനിയോട് കൂടിയ ശ്വാസതടസ്സം, അമിത നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തിൽ രക്തത്തിന്റെ അംശം, അമിത ക്ഷീണം എന്നിവ ഉണ്ടെങ്കിൽ വിദഗ്ധ ചികിത്സ തേടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി. പക്ഷിപ്പനിയ്ക്കെതിരെ ജാഗ്രത പാലിക്കണം. ചത്ത മൃഗങ്ങളെയും പക്ഷികളെയും സുരക്ഷാ മുൻകരുതലുകളില്ലാതെ കൈ കൊണ്ടെടുക്കരുത്. ആരോഗ്യവകുപ്പ് മൃഗസംരക്ഷണ വകുപ്പുമായി യോഗം ചേർന്നിരുന്നു. രണ്ടര ലക്ഷത്തോളം വൺ ഹെൽത്ത് കമ്മ്യൂണിറ്റി വോളന്റിയർമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. വളർത്തു മൃഗങ്ങളെയും പക്ഷികളെയും വളർത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ചത്ത പക്ഷികളെയോ മൃഗങ്ങളെയോ കൈകാര്യം ചെയ്തവർക്ക് എന്തെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണ്.

മാസ്‌ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗങ്ങളിലൂടെ ഇൻഫ്ളുവൻസ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകും. എച്ച്.1 എൻ.1 കേസുകൾ കൂടുന്നതിനാൽ ഇത് പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ആശുപത്രി സന്ദർശകർ നിർബന്ധമായും മാസ്‌ക് വയ്ക്കണം. രോഗികളല്ലാത്തവർ പരമാവധി ആശുപത്രി സന്ദർശനം ഒഴിവാക്കണം. ജലദോഷമുള്ളവർ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം. ഗർഭിണികൾ, അനുബന്ധ രോഗമുള്ളവർ, പ്രായമായവർ എന്നിവർ മാസ്‌ക് ഉപയോഗിക്കണം.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT