Kerala കെ ഫോൺ വയനാടിന് ഇനി പുതിയ മുന്നേറ്റം

വയനാടിന്റെ ഗ്രാമ നഗരങ്ങളെ ബന്ധിപ്പിച്ച് കെ ഫോണ്‍ പദ്ധതിക്ക് തുടക്കമായതോടെ വയനാടിന് ഇനി പുതിയ മുന്നേറ്റം. ജില്ലയില്‍ 1016 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് കെ ഫോണ്‍ ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖല പൂര്‍ത്തിയായത്,  578 സര്‍ക്കാര്‍ ഓഫീസുകളിലും 61 വീടുകളിലും ആദ്യഘട്ടത്തില്‍ കെ ഫോണ്‍ കണക്ഷന്‍ നല്‍കി.

സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ച ഉദ്ഘാടന ചടങ്ങുകള്‍ക്കൊപ്പം ജില്ലയിലെ മൂന്ന് നിയോജക മണ്ഡല അടിസ്ഥാനത്തിലും പ്രാദേശിക ഉദ്ഘാടനങ്ങള്‍ നടന്നു. മാനന്തവാടിയില്‍ ഒ.ആര്‍ കേളു എം.എല്‍.എ കെ ഫോണ്‍ പ്രാദേശികല തല ഉദ്ഘാടനം നിര്‍വഹിച്ചു.

വിവര സാങ്കേതിക വിദ്യയില്‍ പുതിയ ബദല്‍ പാത സൃഷ്ടിക്കുന്ന പദ്ധതിയാണ് കെഫോണെന്ന് എം.എല്‍.എ പറഞ്ഞു. മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‌റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. മാനന്തവാടി നിയോജക മണ്ഡല പരിധിയിലെ 224 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 18 ബി.പി.എല്‍ കുടുംബങ്ങള്‍ക്കുമാണ് കെഫോണിന്റെ സേവനം ആദ്യഘട്ടത്തില്‍ ലഭ്യമാക്കിയിരിക്കുന്നത്.

കല്‍പ്പറ്റ നിയോജക മണ്ഡലതല ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭ ഓഫീസില്‍ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വ്വഹിച്ചു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ സര്‍വജന ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ കെ ഫോണ്‍ ഉദ്ഘാടനം ചെയ്തു, നഗരസഭാ ചെയര്‍മാന്‍ ടി.കെ. രമേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ കെ.എസ്.ഇ.ബി സബ്സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന 10 പി.ഒ.പി കളിലൂടെയാണ് വേഗതയേറിയ ഇന്റര്‍നെറ്റ് സേവനം ജില്ലയിലെ നഗര ഗ്രാമാന്തരങ്ങളിലെത്തുക.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT