ഇന്നുമുതൽ റെഡ് അലർട്ട്; മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിച്ചേക്കാം. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്.
- by TVC Media --
- 24 May 2025 --
- 0 Comments
കണ്ണൂർ: കാലവർഷത്തിന്റെ വരവുമായി ബന്ധപ്പെട്ട് അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ ഭാഗമായി ഇനിയുള്ള ദിവസങ്ങളിൽ മഴ കനക്കും. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിച്ചേക്കാം. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.
മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങൾ അതി ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. തുടക്കത്തിൽ മധ്യ വടക്കൻ ജില്ലകളിലും തീരദേശ മേഖലയിലും ശക്തമാകുന്ന മഴ, കാറ്റ് ശക്തമാകുന്നതോടെ മലയോര മേഖലയിലും ശക്തമാകാനാണ് സാധ്യത. വേനൽ മഴക്ക് പിന്നാലെ കാലവർഷത്തിലേക്ക് കടക്കുന്ന തരത്തിലാണ് കാലാവസ്ഥ. മേയ് 10ന് ശേഷം തലശ്ശേരി, കണ്ണൂർ അടക്കമുള്ള സ്റ്റേഷനുകളിൽ 60 ശതമാനം ഇടങ്ങളിൽ തുടർച്ചയായ രണ്ട് ദിവസങ്ങളിൽ 2.5 മി.മീറ്ററിനേക്കാൾ കൂടുതൽ മഴ രേഖപ്പെടുത്തുകയാണെങ്കിൽ കാലവർഷം ആരംഭിച്ചതായി പ്രഖ്യാപിക്കും.
മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് എന്നിവ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ വർധിപ്പിക്കും. അതുകൊണ്ട് നിർബന്ധമായും അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരെ മുൻകൂട്ടി മാറ്റി താമസിപ്പിക്കേണ്ടതാണെന്ന് നിർദേശമുണ്ട്.
ശക്തമായ കാറ്റിൽ കരുതൽ വേണം ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വക്കുകയോ ചെയ്യണം. വെള്ളിയാഴ്ച തൃശൂരിൽ വലിയ ബോർഡ് റോഡിലേക്ക് പതിച്ചതിനെ തുടർന്ന് ജാഗ്രത നിർദേശമുണ്ട്.
കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടില്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയിൽ പെട്ടാൽ 1912 എന്ന നമ്പറിൽ കെ.എസ്.ഇ.ബിയെ അറിയിക്കാം.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS