എവറസ്റ്റ് കൊടുമുടി കീഴടക്കി മലയാളി. മൗണ്ട് കിളിമഞ്ചാരോ കീഴടക്കിയ ആദ്യ മലയാളി ദമ്പതികളെന്ന നേട്ടം സഫ്രീനയുടെയും ഭര്‍ത്താവ് ഡോ. ഷമീലിന്‍റെയും പേരിലുണ്ട്
- by TVC Media --
- 20 May 2025 --
- 0 Comments
കണ്ണൂര്‍: എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യമലയാളി വനിതയെന്ന നേട്ടം സ്വന്തമാക്കി കണ്ണൂര്‍ വേങ്ങാട് സ്വദേശിനി സഫ്രീന ലത്തീഫ്. മേയ് 18 ന് രാവിലെ 10.10 നാണ് സഫ്രീന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയില്‍ കാലുകുത്തിയത്. ഏപ്രിൽ 12 നാണ് സഫ്രീന ദോഹയിൽ നിന്ന് നേപ്പാളിലേക്ക് യാത്ര തിരിച്ചത്.നിരവധി മലയാളികൾ എവറസ്റ്റ് കീഴടക്കിയിട്ടുണ്ടെങ്കിലും അതിലെ ആദ്യ വനിതയെന്ന നേട്ടം കൂടിയാണ് സഫ്രീന സ്വന്തം പേരിൽ എഴുതിച്ചേർത്തത്.
20 മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് 8,848 മീറ്റർ ഉയരത്തിൽ സഫ്രീനയെത്തിച്ചേര്‍ന്നത്. ഇതോടെഎവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ദോഹയിൽ താമസിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രവാസി വനിതയെന്ന നേട്ടവും സഫ്രീനയുടെ പേരിലായി.
ഖത്തറില്‍ കേക്ക് ആർട്ടിസ്റ്റായി പ്രവര്‍ത്തിക്കുകയാണ് സഫ്രീന. നേരത്തെ ടാൻസാനിയയിലെ മൗണ്ട് കിളിമഞ്ചാരോ കീഴടക്കിയ ആദ്യ മലയാളി ദമ്പതികളെന്ന നേട്ടം സഫ്രീനയുടെയും ഭര്‍ത്താവ് ഡോ. ഷമീല്‍ മുസ്തഫയുടെയും പേരിലുണ്ട്. ഖത്തറിൽ ഹമദ് ഹോസ്പിറ്റലിലെ സർജനാണ് ഡോ. ഷമീൽ.2021 ജൂലൈയിലായിരുന്നു 5985 മീറ്റർ ഉയരമുള്ള കിളിമഞ്ചാരോ കൊടുമുടി ഇരുവരും കീഴടക്കുന്നത്. തുടർന്ന് അർജന്റീനയുടെ അകോൺകാഗ്വ (6,961 മീറ്റർ), റഷ്യയിലെ മൗണ്ട് എൽബ്രഡ് (5,642 മീറ്റർ) എന്നിവയും ഇരുവരും കീഴടക്കിയിട്ടുണ്ട്. തുടർന്നാണ് എവറസ്‌റ്റെന്ന സ്വപ്ന കൊടുമുടി നേട്ടം സഫ്രീന സ്വന്തമാക്കിയത്. വർഷങ്ങളായി കുടുംബത്തോടൊപ്പം ഖത്തറിലെ ദോഹയിലാണ് സഫ്രീന താമസിക്കുന്നത്. തലശ്ശേരി പുന്നോൾ സ്വദേശി പി എം അബ്ദുല്ലത്തീഫും കെപി സുബൈദയുമാണ് മാതാപിതാക്കള്‍.മിൻഹ ഷമീൽ ആണ് ഏകമകൾ.

Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS