India രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിൽ നിപ വൈറസിന്റെ സാന്നിധ്യം

ന്യൂഡൽഹി: രാജ്യത്ത് കേരളം ഉൾപ്പടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠനത്തിലാണ് കണ്ടെത്തല്‍.

കേരളത്തെ കൂടാതെ തമിഴ്നാട്, കർണാടക, ​ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബം​ഗാൾ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യം ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്,  അതേസമയം, തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡീഷ, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ നടത്തിയ സർവേയിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.

അസമിലെ ധുബ്രി ജില്ല, പശ്ചിമ ബംഗാളിലെ മ്യാനഗുരി, കൂച്ച് ബെഹാർ പ്രദേശങ്ങളിലും കേരളത്തിലെ കോഴിക്കോട് ജില്ലയിലും പഴംതീനി വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ മറ്റു ഭാ​ഗങ്ങളിൽ ഇതുസംബന്ധിച്ചുള്ള പഠനങ്ങൾ നടത്തിയിരുന്നില്ല. അതുകൊണ്ടാണ് രാജ്യവ്യാപകമായി സർവേ നടത്താൻ തീരുമാനിച്ചതെന്ന് ഐ സി എം ആർ -എൻ ഐ വി ഡയറക്ടർ ഇൻ-ചാർജ് ഡോ. ഷീലാ ഗോഡ്‌ബോൾ പറഞ്ഞു. മനുഷ്യരിൽ മാരകമായ ശ്വാസകോശ, മസ്തിഷ്ക രോ​ഗങ്ങൾക്ക് നിപ വൈറസ് കാരണമാകുന്നു. കേരളത്തിൽ 2018 മേയിൽ, കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച 18 പേരിൽ 16 പേരും മരിച്ചിരുന്നു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT