കൊലക്കേസ് വാദത്തിന് കോടതിയിലെത്തിയില്ല, സാക്ഷിക്കൊപ്പം സിനിമ കണ്ട് നടൻ ദർശൻ; ശാസിച്ച് കോടതി ദർശന് ജാമ്യം നൽകിയതിനെ കർണാടക പൊലീസ് വകുപ്പ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
- by TVC Media --
- 11 Apr 2025 --
- 0 Comments
ബംഗളൂരു: ആരാധകരിൽ ഒരാളായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി കന്നട സൂപ്പർ സ്റ്റാർ ദർശൻ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് തന്‍റെ എതിർ സാക്ഷിക്കൊപ്പം സിനിമയുടെ പ്രീമിയർ ഷോ കണ്ടതായി ആക്ഷേപം. കർണാടക ഹൈകോടതിയിൽ നിന്നാണ് നടൻ ജാമ്യം നേടിയത്.
ബുധനാഴ്ച ബംഗളൂരു കോടതിയിൽ ഹാജരാകണമെന്ന നിർദേശം പാലിക്കാതെയാണ് പ്രതി മാളിൽ സിനിമ കണാനെത്തിയത്. കടുത്ത പുറം വേദന കാരണം കോടതിയിൽ ഹാജരാകാനാകില്ലെന്നാണ് അഭിഭാഷകൻ അറിയിച്ചത്. സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി നടന് ജാമ്യം അനുവദിച്ചതിനെതിരെ കർണാടക പൊലീസ് ഫയൽ ചെയ്ത അപ്പീൽ ഹരജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് വ്യവസ്ഥാലംഘനം.
കേസിൽ സാക്ഷിയായ നടൻ ചിക്കണ്ണക്കൊപ്പം ദർശൻ സിനിമ കാണുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് വ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിനിമ മേഖലയിലും പുറത്തും വിവാദം കൊഴുക്കുകയാണ്. നിയമപ്രകാരം ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതികൾക്ക് കേസിൽ ഉൾപ്പെട്ട സാക്ഷികളെ കാണാൻ അനുവാദമില്ല. സംസ്ഥാന പൊലീസ് ഈ ലംഘനങ്ങളെ ഗൗരവമായി കാണുകയും നടപടിയെടുക്കുകയും ചെയ്യുമെന്ന് സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ദർശന് ജാമ്യം നൽകിയതിനെ കർണാടക പൊലീസ് വകുപ്പ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ബുധനാഴ്ച കന്നട ചിത്രമായ 'വാമന'യുടെ പ്രീമിയർ ഷോയിൽ ദർശൻ പങ്കെടുത്തതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദർശന്റെ സുഹൃത്തായ ധൻവീർ ഗൗഡയാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബംഗളൂരുവിലെ മാളിലേക്ക് പ്രവേശിക്കുമ്പോൾ ദർശൻ മുടന്തി നടക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. അവിടെ തടിച്ചുകൂടിയ ആരാധകർ ദർശനെ സ്തുതിച്ചുകൊണ്ട് മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് ദർശൻ മാളിൽ എത്തിയത്. മൂന്ന് മണിക്കൂർ നീണ്ടുനിന്ന സിനിമ മുഴുവൻ കണ്ടു.
ബുധനാഴ്ച വിവാദമായ ആരാധക കൊലക്കേസ് പരിഗണിച്ച ബംഗളൂരു കോടതി ദർശൻ നടപടിക്രമങ്ങളിൽനിന്ന് വിട്ടുനിന്നതിനെ ഗൗരവമായി എതിർത്തിരുന്നു. ഭാവിയിൽ എല്ലാ വാദം കേൾക്കലുകളിലും ദർശൻ കോടതിയിൽ ഹാജരാകണമെന്നും അദ്ദേഹത്തിന്റെ അഭാവത്തിന് ഒരു ഒഴികഴിവും സ്വീകരിക്കില്ലെന്നും സിവിൽ ആൻഡ് സെഷൻസ് ജഡ്ജി വ്യക്തമാക്കി.
നടന് നടുവേദന അനുഭവപ്പെടുന്നുണ്ടെന്നും കോടതിയിൽ ഹാജരാകാൻ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി ദർശന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഹരജിയിൽ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ദർശൻ ഹാജരാകണമെന്ന് നിർദേശിക്കുകയും ചെയ്തു. കേസിലെ പ്രധാന പ്രതിയും ദർശന്റെ കാമുകിയുമായ പവിത്ര ഗൗഡ ഉൾപ്പെടെ 16 പേർ കോടതിയിൽ ഹാജരായി.
തന്റെ വരാനിരിക്കുന്ന 'ഡെവിൾ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചിരിക്കുകയാണ് ദർശൻ. 131 ദിവസത്തെ കസ്റ്റഡിക്ക് ശേഷം കഴിഞ്ഞ ഒക്ടോബർ 30നാണ് ജയിൽ മോചിതനായത്. മൈസൂരുവിലും രാജസ്ഥാനിലും ചിത്രീകരണങ്ങളിൽ പങ്കെടുക്കുന്നുണ്ട്. കൂടുതൽ ചിത്രീകരണത്തിനായി ഹൈദരാബാദിലേക്ക് പോകാനും പദ്ധതിയിട്ടു. ഫെബ്രുവരി 28ന് കർണാടക ഹൈക്കോടതി ദർശന് രാജ്യമെമ്പാടും സഞ്ചരിക്കാൻ അനുമതി നൽകി.
ചിത്രദുർഗയിൽ നിന്നുള്ള രേണുകസ്വാമി എന്ന ആരാധകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ദർശനും പവിത്രയും മറ്റ് 15 പേരും കഴിഞ്ഞ ജൂൺ 11നാണ് അറസ്റ്റിലായത്. വിവാഹിതനാണെങ്കിലും ദർശൻ പവിത്രയുമായുള്ള ബന്ധം തുടരുന്നതിൽ ദേഷ്യപ്പെട്ട് രേണുകസ്വാമി പവിത്രക്ക് അധിക്ഷേപകരവും അശ്ലീലവുമായ സന്ദേശങ്ങൾ അയച്ചതായി ആരോപിച്ചതിനെത്തുടർന്നായിരുന്നു കൊലപാതകം.
പവിത്രയും ദർശന്റെ ഭാര്യ വിജയലക്ഷ്മിയും തമ്മിൽ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി തർക്കമുണ്ടായി. ഇത് ദർശന്റെ ആരാധകവൃന്ദം രണ്ട് ഗ്രൂപ്പാവാൻ കാരണമായി. വിജയലക്ഷ്മിയെ പിന്തുണച്ച രേണുകസ്വാമി പവിത്രയെ വിമർശിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.
ദർശനും മറ്റുള്ളവർക്കും നൽകിയ ജാമ്യം കർണാടക പൊലീസ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്തു. സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലുമായി ബന്ധപ്പെട്ട് ജനുവരി 24 ന് സുപ്രീംകോടതി ദർശനും പവിത്രക്കും മറ്റ് അഞ്ച് പേർക്കും നോട്ടീസ് അയച്ചു. ദർശനും മറ്റ് പ്രതികളും എല്ലാ മാസവും കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.

Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS