India ചന്ദ്രയാൻ 3 വിക്ഷേപണം ഇന്ന് ഉച്ചകഴിഞ്ഞ് 2.35ന്
- by TVC Media --
- 14 Jul 2023 --
- 0 Comments
ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 ഇന്ന് വിക്ഷേപിക്കും. ഇന്ന് ഉച്ചകഴിഞ്ഞു 2.35ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന്, ഫാറ്റ് ബോയി എന്നു വിളിപ്പേരുള്ള എൽവിഎം 3 എം 4 റോക്കറ്റിലാണ് വിക്ഷേപണം. ഇന്നലെ ഉച്ചയ്ക്ക് 1.05ഓടെ 25 മണിക്കൂർ 30 മിനിറ്റ് നീളുന്ന കൗണ്ട് ഡൗണിന് തുടക്കമായിരുന്നു.
ചന്ദ്രോപരിതലത്തിൽ മൃദുവായി ഇറങ്ങാനും റോവർ ഉപയോഗിച്ച് പര്യവേക്ഷണം നടത്താനുമാണ് ചന്ദ്രയാൻ 3 ലക്ഷ്യമിടുന്നത്, ചന്ദ്രയാൻ 3 ദൗത്യത്തിൽ പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡർ മൊഡ്യൂൾ, റോവർ എന്നിവ ഉൾപ്പെടുന്നു. ചന്ദ്രയാൻ 3ൽ കഴിഞ്ഞതവണത്തെ ദൗത്യത്തെ അപേക്ഷിച്ച് കൂടുതൽ ഇന്ധനവും സുരക്ഷാ സംവിധാനങ്ങളുമുണ്ട്.
40 ദിവസത്തിനു ശേഷമാണ് ചന്ദ്രയാൻ 3 ലാൻഡർ ചന്ദ്രനിൽ ഇറങ്ങുക. 2019ലെ ചന്ദ്രയാൻ 2 ദൗത്യം അവസാന നിമിഷം സോഫ്റ്റ്ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ പരാജയപ്പെട്ടിരുന്നു. ദൗത്യം വിജയകരമായാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവ്യറ്റ് യൂണിയൻ എന്നിവ മാത്രമാണു മുന്പ് ഈ നേട്ടം കൈവരിച്ചത്. ചന്ദ്രയാൻ 3 വിക്ഷേപണത്തിനു മുന്നോടിയായി ഇന്നലെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരുടെ സംഘം ആന്ധ്രപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS