India നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യാം, 'സഞ്ചാര്‍ സാഥി' പോര്‍ട്ടല്‍ കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തനക്ഷമമായി

ന്യൂഡല്‍ഹി: നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യാന്‍ അടക്കം സഹായിക്കുന്ന 'സഞ്ചാര്‍ സാഥി' എന്ന കേന്ദ്ര സർക്കാരിന്റെ പോര്‍ട്ടല്‍ കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തനക്ഷമമായി.

 പോര്‍ട്ടലിന്റെ ഔദ്യോഗിക ഉദ്ഘാടനം അടുത്തയാഴ്ച നടക്കും.നിലവില്‍ ഡല്‍ഹി, ഗോവ, മഹാരാഷ്ട്ര, ദാദ്രനാഗര്‍ ഹവേലി എന്നിവിടങ്ങളില്‍ ഈ സേവനം ലഭ്യമാണ്. 2019ലാണ് ഈ സംസ്ഥാനങ്ങളില്‍ സേവനം ലഭ്യമായി തൂടങ്ങിയത്. നിലവില്‍ പൊലീസ് വഴിയാണ് നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യുന്ന നടപടി സ്വീകരിക്കുന്നത്.

ഇനി വ്യക്തിക്ക് സ്വന്തം നിലയില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്താല്‍ മോഷ്ടാവിന് മറ്റു സിം കാര്‍ഡ് ഉപയോഗിച്ചും ഫോണ്‍ പ്രവർത്തിപ്പിക്കാനാവില്ല. അതേസമയം, ഫോണ്‍ തിരിച്ചുകിട്ടിയാല്‍ അണ്‍ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനവും പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്.

ബ്ലോക്ക് ചെയ്യുന്ന വിധം

പൊലീസില്‍ പരാതി നല്‍കിയ ശേഷം അതിന്റെ പകര്‍പ്പെടുത്ത് സൂക്ഷിക്കുക.

നഷ്ടപ്പെട്ട സിംകാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് ഉടന്‍ എടുക്കുക.

സഞ്ചാര്‍ സാഥിയില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒടിപി ലഭിക്കും.

ഡ്യൂപ്ലിക്കേറ്റ് സിമ്മിലേക്കാണ് ഒടിപി വരിക.

www.sancharsaathi.gov.in എന്ന സൈറ്റില്‍ ബ്ലോക്ക് യുവര്‍ ലോസ്റ്റ്/ സ്‌റ്റോളന്‍ മൊബൈല്‍ എന്ന ടാബ് തുറക്കുക.

നഷ്ടപ്പെട്ട ഫോണിലെ മൊബൈല്‍ നമ്പറുകള്‍, ഐഎംഇഐ നമ്പറുകള്‍ (*#06# ഡയല്‍ ചെയ്താല്‍ അറിയാം), പരാതിയുടെ പകര്‍പ്പ്, ബ്രാന്‍ഡ്, മോഡല്‍, ഇന്‍വോയിസ്, പൊലീസ് സ്റ്റേഷന്‍ വിവരം, ഐഡി പ്രൂഫ്, ഒടിപി അടക്കം നല്‍കി സബ്മിറ്റ് നല്‍കുക. ലഭിക്കുന്ന റിക്വസ്റ്റ് ഐഡി സൂക്ഷിക്കുക

പൊലീസ് വഴി നിലവില്‍ സമാനമായ റിക്വിസ്റ്റ് പോയിട്ടുണ്ടെങ്കില്‍ request already exist for... എന്ന മെസേജ് ലഭിക്കും.

ഫോണ്‍ തിരികെ ലഭിച്ചാല്‍ unblock found mobile എന്ന ഓപ്ഷനില്‍ ബ്ലോക്കിങ് റിക്വിസ്റ്റ് ഐഡി അടക്കം നല്‍കുക.

know your mobile connections എന്ന ടാബ് ഉപയോഗിച്ചാല്‍ നമ്മുടെ പേരില്‍ എത്ര മൊബൈല്‍ കണക്ഷന്‍ ഉണ്ടെന്ന് അറിയാം.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT