India കശ്മീര്‍-കന്യാകുമാരി ഹൈവേ യാഥാര്‍ത്ഥ്യമാകുന്നു

ന്യൂഡല്‍ഹി: കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്ക്, ഇന്ത്യയുടെ വടക്കും തെക്കും, പുതുതായി സ്ഥാപിച്ച ഹൈവേകളിലൂടെ താമസിയാതെ ഡ്രൈവ് ചെയ്യാമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അടുത്ത വര്‍ഷത്തോടെ പുതിയ റോഡ് ഉപയോഗത്തിന് തയ്യാറാകുമെന്നാണ്  അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ സോജില ടണലിന്റെ സര്‍വേയ്ക്കിടെയാണ് നിതിന്‍ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ഹൈവേ അടിസ്ഥാനപരമായി നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഹൈവേകളുമായും എക്‌സ്പ്രസ് വേകളുമായും പരസ്പരബന്ധിതമായിരിക്കും എന്നും ഗഡ്കരി പറഞ്ഞു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

‘കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള പാത ഞങ്ങള്‍ക്ക് ഒരു സ്വപ്നമായിരുന്നു. റോഹ്താങ് മുതല്‍ ലഡാക്ക് വരെ നാല് തുരങ്കങ്ങള്‍ നിര്‍മ്മിക്കും. ലേയില്‍ നിന്ന് ഞങ്ങള്‍ കാര്‍ഗിലിലെത്തി സോജില, ഇസഡ്-മോര്‍ തുരങ്കങ്ങളില്‍ ചേരും. പുതിയ പാത വന്നാല്‍ ഡല്‍ഹിയും ചെന്നൈയും തമ്മിലുള്ള ദൂരം 1,312 കിലോമീറ്റര്‍ കുറയും. 2024-ന്റെ തുടക്കത്തോടെ ഈ സ്വപ്നം സാക്ഷാത്കരിക്കും..’ ഗഡ്കരി വ്യക്തമാക്കി.

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) രാജ്യത്തിന്റെ വിവിധ കോണുകളെ ബന്ധിപ്പിക്കുന്ന പുതിയ ഹൈവേകളുടെയും എക്സ്പ്രസ് വേകളുടെയും നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കശ്മീരിനെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന പുതിയ ഹൈവേ സമീപകാലത്ത് നിര്‍മിക്കുന്നതില്‍ വെച്ച് ഏറ്റവും ദൈര്‍ഘ്യമേറിയതാണ്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT