മലയാളികളുടെ അപകട മരണത്തിന്റെ ഞെട്ടലിൽ ഖത്തർ പ്രവാസികൾ. അഞ്ച് മലയാളികളുടെ മരണത്തിനിടയാക്കിയ കെനിയയിലെ ബസ് അപകടം.
- by TVC Media --
- 11 Jun 2025 --
- 0 Comments
ദോഹ: അഞ്ചു ദിവസത്തെ ബലിപെരുന്നാൾ അവധി ദിനങ്ങൾ ദുരന്തവാർത്തകളൊന്നുമില്ലാതെ പൂർത്തിയാതിന്റെ ആശ്വാസത്തിലായിരുന്നു ഖത്തറിലെ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹം. സാധാരണ പെരുന്നാളിനോടനുബന്ധിച്ചുള്ള ദീർഘ അവധി ദിനങ്ങളിൽ മരുഭൂമിയിലെ സഫാരികളിലും, മറ്റു ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രകളിലും അപകടങ്ങൾ സംഭവിക്കുന്നത് പതിവാണെങ്കിലും ഇത്തവണ ശാന്തമായിരുന്നു. എന്നാൽ, തിങ്കളാഴ്ച രാത്രിയോടെ എല്ലാം കീഴ്മേൽ മറിഞ്ഞു. രാത്രി 11 മണിയോടെയാണ് ഖത്തറിൽ നിന്നുള്ള വിനോദയാത്ര സംഘം കെനിയയിൽ അപകടത്തിൽ പെട്ട വാർത്ത ആദ്യമെത്തുന്നത്. കെനിയൻ സമയം വൈകുന്നേരം നാലിനാണ് അപകടം നടന്നതെങ്കിലും രാത്രി വൈകിമാത്രമാണ് കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
വിദേശ വിനോദ സഞ്ചാരികളുടെ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് ആറു പേർ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ആദ്യ റിപ്പോർട്ടുകളുണ്ടായത്. എന്നാൽ, ഇവർ ഏത് രാജ്യക്കാരെന്ന് വ്യക്തമല്ലായിരുന്നു.ഖത്തറിൽ നിന്നുള്ള സംഘമാണ് അപകടത്തിൽ പെട്ടതെന്ന് തിരിച്ചറിഞ്ഞതോടെയാണ് മലയാളികളും ഉൾപ്പെട്ടതായി സൂചന ലഭിക്കുന്നത്. അതേസമയം, പെരുന്നാൾ അവധി ആഘോഷിക്കാൻ വിവിധ ട്രാവൽ ഏജൻസികൾക്കൊപ്പം നിരവധി പേർ കെനിയ, ഇത്യോപ്യ, താൻസാനിയ ഉൾപ്പെടെ ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കാൻ പുറപ്പെട്ടത് ബന്ധുക്കളിലും സുഹൃത്തുക്കളിലും ആധിയായി മാറി. നിരവധി പേരാണ് അന്വേഷണങ്ങളുമായി മാധ്യമ ഓഫിസുകളിലേക്കും സാമൂഹിക പ്രവർത്തകരെയും ബന്ധപ്പെട്ടത്.
അതിനിടെ, ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ പേര് വിവരങ്ങൾ അടങ്ങിയ പട്ടികയും പുറത്തുവന്നിരുന്നു. ഇതുവഴി അപകടത്തിൽ പെട്ടവരെ തിരിച്ചറിയാൻ കഴിഞ്ഞു. എന്നാൽ, 28 പേരുടെ പട്ടികയിൽ അഞ്ചു പേരെ പ്രവേശിപ്പിച്ച ആശുപത്രിയുടെ പേരില്ലായിരുന്നു.പാലക്കാട് മണ്ണൂർ സ്വദേശിനിയും ട്രാവൽ ഏജൻസി മാനേജർ ജോയൽ കോൺവെയുടെ ഭാര്യ റിയ ആൻ, മകൾ ടൈര എന്നിവരുടെ വിവരങ്ങൾ അറിയാൻ പിതാവ് രാധാകൃഷ്ണൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അപകടവിവരം അറിഞ്ഞയുടൻ കോങ്ങാട് എം.എൽ.എ അഡ്വ. ശാന്തകുമാരി വഴി ബന്ധുക്കൾ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുകയും നോർക്ക ഇടപെടലിന് ആവശ്യപ്പെടുകയും ചെയ്തു.
.jpg?updatedAt=1749622483820?tr=w-703,h-500,fo-webp,dpr-1)
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS