Qatar ഖത്തർ കെ.എം.സി.സി തെരഞ്ഞെടുപ്പ് നാളെ
- by TVC Media --
- 12 May 2023 --
- 0 Comments
ദോഹ: ഗൾഫിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കെ.എം.സി.സിയുടെ ഖത്തർ നേതൃത്വത്തിനായുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച. മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ സാന്നിധ്യത്തിലാണ് പ്രവാസി തെരഞ്ഞെടുപ്പ് നടക്കുക.ഇതിനായി അദ്ദേഹം രണ്ടു ദിവസം മുമ്പ് തന്നെ ദോഹയിൽ എത്തിയിട്ടുണ്ട്.വോട്ടെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാനായിരിക്കും ആദ്യ ശ്രമം. ഇതു വിജയം കണ്ടില്ലെങ്കില്‍ ജനാധിപത്യ മാര്‍ഗത്തില്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പതിറ്റാണ്ടുകാലമായി ഖത്തർ കെ.എം.സി.സിയെ നയിക്കുന്ന എസ്.എ.എം ബഷീറിന്റെ നേതൃത്വത്തിലുള്ള പാനലും 'നവ നേതൃത്വം പുതു യുഗം'എന്ന വാഗ്ദാനവുമായി ഡോ. സമദിന്റെ നേതൃത്വത്തിലുള്ള മറുവിഭാഗവും തമ്മിലാണ് മൽസരം.
വെള്ളിയാഴ്ച ദോഹയിലെ ഗള്‍ഫ് പാരഡൈസിലാണ് സംസ്ഥാന കൗണ്‍സില്‍ യോഗം. പഞ്ചായത്ത്, മണ്ഡലം, ജില്ല കമ്മിറ്റികള്‍ നേരത്തെ തന്നെ നിലവില്‍ വന്നു. കീഴ്ഘടകങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 360 സംസ്ഥാന കൗണ്‍സിലര്‍മാരാണ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുക.
ദീര്‍ഘകാലമായി സംഘടനയെ നയിക്കുന്ന നിലവിലെ പ്രസിഡന്റ് എസ്.എ.എം ബഷീര്‍ ഉള്‍പ്പെടെ ഭാരവാഹികള്‍ മാറി പുതിയ നേതൃത്വം വരണമെന്ന ആവശ്യവുമായി ഡോ. സമദ് (കോഴിക്കോട്) പ്രസിഡന്റും, സലിം നാലകത്ത് (മലപ്പുറം) ജനറല്‍ സെക്രട്ടറിയും, പി.എസ്.എം ഹുസൈന്‍ (തൃശൂര്‍) ട്രഷററുമായി പുതു സംഘത്തെ അവതരിപ്പിക്കുന്നത്.
'നവ നേതൃത്വം, പുതു യുഗം'എന്ന സന്ദേശവുമായി പ്രകടന പത്രിക പുറത്തിറക്കിയാണ് ഡോ. സമദും സംഘവും നേതൃമാറ്റം ആവശ്യപ്പെടുന്നത്. ആധുനിക സാങ്കേതിക സംവിധാനത്തോടെ ആസ്ഥാന മന്ദിരം, കെ.എം.സി.സി നിയന്ത്രണത്തില്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍, അംഗങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന സ്നേഹ സുരക്ഷാ പദ്ധതി.
സമഗ്ര പ്രവാസി പെന്‍ഷന്‍ പദ്ധതി, സമഗ്ര ആരോഗ്യ സുരക്ഷാ സ്കീം, സമ്ബൂര്‍ണ ഡാറ്റാ ബാങ്ക്, തൊഴില്‍ ദാതാക്കളെയും അന്വേഷകരെയും ബന്ധിപ്പിക്കുന്ന ജോബ് സെല്‍, വളന്റിയര്‍മാരുടെ സോഷ്യല്‍ ഗാര്‍ഡ്, രാഷ്ട്രീയ ബോധവല്‍കരണ പദ്ധതിയായി ഹിസ്റ്ററി ക്ലബ് തുടങ്ങിയ നിരവധി വാഗ്ദാനങ്ങള്‍ ഇവര്‍ മുന്നോട്ട് വെക്കുന്നു.
'പരിചയ സമ്പന്നതയും നേതൃത്വ ഗുണവും'എന്നതാണ് സ്ഥാനത്തുടര്‍ച്ച തേടുന്ന എസ്.എ.എം ബഷീറിന്റെ വാഗ്ദഗാനം. കോഴിക്കോട് നിന്നുള്ള ബഷീര്‍ ഖാന്‍ ജനറല്‍ സെക്രട്ടറിയായും, പി.പി അബ്ദുല്‍ റഷീദ് (മലപ്പുറം) ട്രഷററുമായാണ് സ്ഥാന തുടര്‍ച്ചക്കായി ശ്രമിക്കുന്നത്.
2017ലാണ് നിലവിലെ സംസ്ഥാന കമ്മിറ്റി അധികാരത്തില്‍ വന്നത്. കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ മേഖലയിലെ മികവുമെല്ലാം എസ്.എ.എം ബഷീറിനെ പിന്തുണക്കുന്ന സംഘത്തിന് നേട്ടമാകും. സംസ്ഥാന കൗണ്‍സിലില്‍ 132 അംഗങ്ങളുള്ള കോഴിക്കോടും, 99 അംഗങ്ങളുള്ള മലപ്പുറവുമായിരിക്കും കെ.എം.സി.സിയുടെ പുതിയ കമ്മിറ്റിയെ ആര് നയിക്കണമെന്ന് തീരുമാനിക്കുക.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS