ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്; ഖത്തറിന് സ്വർണത്തിളക്കം. ഏഷ്യൻ അത്ലറ്റിക്സിൽ അമ്മാർ ഇസ്മായിലിന് 400 മീറ്റർ സ്വർണം
- by TVC Media --
- 29 May 2025 --
- 0 Comments
ദോഹ: ദക്ഷിണ കൊറിയയിലെ ഗുമിയിൽ നടക്കുന്ന 26ാമത് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന് സ്വർണത്തിളക്കം. പുരുഷവിഭാഗം 400 മീറ്ററിൽ അമ്മാർ ഇസ്മായിൽ ഇബ്രാഹിമിയാണ് 45.33 സെക്കൻഡ് എന്ന മികച്ച സമയത്തിൽ ഫിനിഷ് ചെയ്ത് ഖത്തറിനായി ആദ്യ സ്വർണം നേടിയത്.
ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ ഏക മെഡൽ നേട്ടം കൂടിയാണിത്. നേരത്തെ സെമിയിൽ 46.05 സെക്കൻഡിൽ ഫിനിഷ്ചെയ്ത് ഫൈനലിൽ ഇടം നേടിയ അമ്മാർ, മെഡൽ നിർണയ പോരാട്ടത്തിൽ അവസാന 100 മീറ്ററിലെ ഉജ്ജ്വല കുതിപ്പിലൂടെയായിരുന്നു സ്വർണത്തിൽ ഫിനിഷ് ചെയ്തത്. 2023ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഖത്തർ രണ്ട് സ്വർണം ഉൾപ്പെടെ നാല് മെഡലുകൾ നേടിയിരുന്നു.
രണ്ടാഴ്ച മുമ്പായിരുന്നു അമ്മാറിന്റെ നേതൃത്വത്തിലുള്ള ഖത്തറിന്റെ 4x 400 മീറ്റർ റിലേ ടീം ഈ വർഷം നടക്കുന്ന ലോകചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. അബ്ദുറഹ്മാൻ സാംബ, ബസിം ഹിമൈദ, അഷ്റഫ് ഉസ്മാൻ എന്നിവരടങ്ങിയ ടീം ചൈനയിൽ നടന്ന വേൾഡ് അത്ലറ്റിക്സ് റിലേയിൽ ദേശീയ റെക്കോഡ് കുറിച്ച പ്രകടനവുമായാണ് ലോക അത്ലറ്റിക്സിലേക്ക് യോഗ്യരായത്. ചരിത്രത്തിൽ ആദ്യമായാണ് റിലേ ടീമിന്റെ ലോകചാമ്പ്യൻഷിപ് പ്രവേശനം. സെപ്റ്റംബറിൽ ടോക്യോയിലാണ് ചാമ്പ്യൻഷിപ്.
.png?updatedAt=1748501940946?tr=w-703,h-500,fo-webp,dpr-1)
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS