Qatar ഖത്തറിൽ നിന്നുള്ള വിമാന യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ദോഹ : വേനലവധിയും ബലി പെരുന്നാൾ അവധിക്കാലവും ഒരുമിച്ചെത്തിയതിനാൽ വിമാന യാത്രക്കാർ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ മുന്നറിയിപ്പ് നൽകി.

ജൂൺ 15 മുതൽ ജൂലൈ 10 വരെ വിമാനത്താവളത്തിൽ നല്ല തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.എയർപോർട്ടിലെ ഹ്രസ്വകാല പാർക്കിംഗ് എല്ലാ യാത്രക്കാർക്കും ലഭ്യമാകുമെന്നും ജൂൺ 15 മുതൽ 30 വരെ ആദ്യത്തെ 60 മിനിറ്റ് സൗജന്യമാണെന്നും അധികൃതർ ഓർമിപ്പിച്ചു.

അതേസമയം, 60 മിനിറ്റിന് ശേഷം സാധാരണ പാർക്കിംഗ് നിരക്കുകൾ ബാധകമായിരിക്കും.യാത്രക്കാരെ കൊണ്ടുവിടുന്നവരും സ്വീകരിക്കാനെത്തുന്നവരും ഹ്രസ്വകാല കാർ പാർക്ക് ഉപയോഗിക്കണമെന്നും കർബ്സൈഡ് ഉപയോഗിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.

കൂടാതെ, എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ യാത്രക്കാർക്ക് ടാക്സികൾ, ബസുകൾ, മെട്രോകൾ എന്നിങ്ങനെയുള്ള ഒന്നിലധികം പൊതുഗതാഗത ഓപ്ഷനുകൾ ലഭ്യമാണ്, വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്നു മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തിച്ചേരണം.

ജൂൺ 15 മുതൽ ജൂൺ 30 വരെ, യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, കാനഡ ഒഴികെയുള്ള വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഖത്തർ എയർവേയ്‌സിൽ പറക്കുന്ന യാത്രക്കാർക്ക് ഫ്ളൈറ്റ് പുറപ്പെടുന്ന സമയത്തിന് 12 മണിക്കൂർ മുതൽ നാലു മണിക്കൂർ വരെ നേരത്തെ ചെക്ക്-ഇൻ ചെയ്യാനുള്ള സൗകര്യമുണ്ട്.

വരി 11 വെർട്ടിക്കൽ സർക്കുലേഷൻ നോഡിൽ (വിസിഎൻ) ആണ് ഈ സൗകര്യമുള്ളത്. ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നവർക്ക് 5 കിലോ അധിക ബാഗേജ് അനുവദിക്കും, ഹജിന് തീർത്ഥാടകരായ ഖത്തർ എയർവേയ്‌സ് യാത്രക്കാർക്കായി ആറാം വരിയിൽ പ്രത്യേക ചെക്ക്-ഇൻ അനുവദിച്ചിട്ടുണ്ട്.  

ചെക്ക്-ഇൻ ചെയ്യാനും ബോർഡിംഗ് പാസുകളും ബാഗ് ടാഗുകളും പ്രിന്റ് ചെയ്യാനും യാത്രക്കാരെ പ്രാപ്തരാക്കുന്ന സെൽഫ് സർവീസ് ചെക്ക്-ഇൻ, ബാഗ്-ഡ്രോപ് സൗകര്യങ്ങളും പ്രയോജനപ്പെടുത്താം.18 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക്  പാസ്‌പോർട്ട് ഉപയോഗിച്ച് വിമാനത്താവളത്തിൽ ഇ-ഗേറ്റ് സേവനങ്ങൾ പ്രയോജനപ്പെടുത്താം.

 പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പ് ചെക്ക്-ഇൻ അവസാനിക്കുമെന്നും പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് ബോർഡിംഗ് ഗേറ്റുകൾ അടക്കുമെന്നും അറിയിപ്പിൽ പറയുന്നു.

സുരക്ഷ പരിശോധനക്കിടെ ദ്രാവകങ്ങൾ, എയറോസോൾ, ജെൽ എന്നിവ പോലുള്ള നിരോധിത വസ്തുക്കളൊന്നും കൈവശം വെക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. മൊബൈൽ ഫോണുകളേക്കാൾ വലിപ്പമുള്ള ഇലക്ട്രോണിക് സാധനങ്ങൾ ബാഗുകളിൽ നിന്ന് മാറ്റി ട്രേകളിൽ എക്‌സ്‌റേ സ്‌ക്രീനിംഗിനായി വെക്കണം.

ലിഥിയം ബാറ്ററികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹോവർബോർഡുകൾ പോലുള്ള ചെറിയ വാഹനങ്ങൾ കൊണ്ടുപോകുന്നത്  നിരോധിച്ചിട്ടുണ്ട്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT