Saudi Arabia സൗദിയിൽ താൽകാലിക തൊഴിൽ വിസ കാലാവധി 6 മാസത്തേക്ക് നീട്ടി
- by TVC Media --
- 03 Oct 2024 --
- 0 Comments
മക്ക: സൗദിയിലെ താൽകാലിക തൊഴിൽ വിസ കാലാവധി മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകി. ഇതോടെ താൽക്കാലിക ജോലിക്കായി സൗദിയിലെത്തുന്നവർക്ക് ഇനി ആറുമാസം കാലാവധി ലഭിക്കും.
“ഹജ്ജ് ഉംറ സേവനങ്ങൾക്കുള്ള താൽകാലിക തൊഴിൽ വിസ” എന്ന് വിസയുടെ പേരും മാറ്റിയിട്ടുണ്ട്. തൊഴിൽ വിസകളുടെ ദുരുപയോഗം തടയാനും നിയമത്തിൽ നിബന്ധനകളുണ്ട്.
സൗദിയിൽ കമ്പനികൾക്ക് കീഴിൽ ഹജ്ജിനും ഉംറക്കുമായി ജോലിക്കെത്തുന്നവർക്ക് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചതായിരുന്നു താൽക്കാലിക വിസ. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ മാറ്റങ്ങൾക്ക് അംഗീകാരം നൽകിയത്.
പുതിയ നിയമം അനുസരിച്ച്, രാജ്യത്ത് താങ്ങാവുന്ന പരമാവധി സമയം ശഅബാൻ മാസം 15 മുതൽ മുഹറം അവസാനം വരെയായി നീട്ടുകയും ചെയ്തു. വിസ അനുമതിക്കായി സ്വകാര്യ സ്ഥാപനങ്ങൾ ഇനി മുതൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള പ്രത്യേക അനുമതി പത്രം സമർപ്പിക്കേണ്ടതില്ല. തൊഴിൽ മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിൽ തന്നെ അപേക്ഷിച്ചാൽ മതി. ഇവയിലെത്തുന്ന തൊഴിലാളിയും തൊഴിലുടമയും തമ്മിൽ കരാറും ലഭ്യമാക്കും.
താൽക്കാലികമായ ഈ തൊഴിൽ വിസയിൽ റിക്രൂട്ട് ചെയ്യുന്നവർക്ക് ഇൻഷുറൻസ് നിർബന്ധമാണ്. നിയമം ലംഘിച്ചാലുള്ള പിഴകളും ശിക്ഷകളും പരിഷ്‌കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പുതിയ മാറ്റങ്ങൾ അടുത്ത ഹജ്ജിന് മുന്നോടിയായി, 180 ദിവസത്തിനകം പ്രാബല്യത്തിൽ വരും.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS