India ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരില്‍ വരുന്നു

ജയ്പൂര്‍: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരില്‍ നിര്‍മാണത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെയും വലിപ്പത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെയും സ്റ്റേഡിയമാണ് ജയ്പൂരില്‍ വരുന്നത്. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനും വേദാന്ദ ഗ്രൂപ്പിന് കീഴിലുള്ള ഹിന്ദുസ്ഥാന്‍ സിങ്കും ചേര്‍ന്നാണ് 75000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം നിര്‍മിക്കുന്നത്. രാജസ്ഥാന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. സ്റ്റേഡിയം നിര്‍മാണം സംബനധിച്ച് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനും വേദാന്ത ഗ്രൂപ്പും തമ്മില്‍ ധാരണാപത്രിത്തില്‍ ഒപ്പുവെച്ചു.

അനില്‍ അഗര്‍വാള്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം എന്നായിരിക്കും ജയ്പൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ പേര്. സ്റ്റേഡിയം നിര്‍മാണത്തിനായി ചൗപ് ഗ്രാമത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ 100 ഏക്കര്‍ ഭൂമി വിട്ടുനല്‍കും. രണ്ട് ഘട്ടമായിട്ടായിരിക്കും സ്റ്റേഡിയത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കുക. ആദ്യ ഘട്ടത്തില്‍ 40000 പേര്‍ക്കിരിക്കാവുന്ന തരത്തിലായിരിക്കും സ്റ്റേ‍ഡിയം നിര്‍മിക്കുക. 400 കോടി രൂപയാണ് ആദ്യഘട്ടത്തിന്‍റെ നിര്‍മാണ ചെലവായി കണക്കാക്കിയിരിക്കുന്നത്.

രണ്ടാം ഘട്ടത്തില്‍ 300 കോടി രൂപ മുടക്കില്‍ ഹിന്ദുസ്ഥാന്‍ സിങ്ക് സ്റ്റേഡിയം വിപുലീകരിക്കും. 100 കോടി രൂപ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ മുടക്കും. രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയത്തില്‍ 11 ക്രിക്കറ്റ് പിച്ചുകള്‍ രണ്ട് പ്രാക്ടീസ് ഗ്രൗണ്ടുകള്‍, ഒരു ക്രിക്കറ്റ് അക്കാദമി, ഹോസ്റ്റല്‍, 3500 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം, ക്ലബ്ബ് ഹൗസ്, ഹോട്ടല്‍, ജിം എന്നിവയും സ്റ്റേഡിയത്തിനോട് അനുബന്ധിച്ച് നിര്‍മിക്കും. ഈ വര്‍ഷം ആദ്യഘട്ടവും അടുത്തവര്‍ഷം രണ്ടാം ഘട്ടവും പൂര്‍ത്തിയാക്കുന്ന രീതിയിലാണ് നിര്‍മാണം.

1,32000 പേരെ ഉള്‍ക്കൊള്ളാവുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് വലിപ്പത്തില്‍ രണ്ടാം സ്ഥാനത്ത്. 68000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സാണ് വലിപ്പത്തില്‍ മൂന്നാം സ്ഥാനത്ത്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT