Sports ഐഎസ്എല്ലില്‍ ഇന്ന് കിരീടപ്പോരാട്ടം, രണ്ടാം കിരീടം തേടി ബെംഗളൂരു; നാലാം കിരീടത്തിനായി എടികെ

പനജി: ഐഎസ്എൽ ചാമ്പ്യൻമാരെ ഇന്നറിയാം. കിരീടപ്പോരാട്ടത്തിൽ എടികെ മോഹൻ ബഗാനും, ബെംഗളൂരു എഫ് സിയും ഏറ്റുമുട്ടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. 116 മത്സരങ്ങളും 314 ഗോളുകളും താണ്ടി എടികെ മോഹൻ ബഗാനും ബെംഗളൂരു എഫ് സിയും കലാശപ്പോരിൽ നേർക്കുനേർ വരുമ്പോള്‍ ഒറ്റ യജയമകലെ എടികെ ബഗാനെ കാത്തിരിക്കുന്നത് നാലാം കിരീടം. രണ്ടാം കിരീടമാണ് സുനില്‍ ഛേത്രിയുടെ ബെംഗളൂരു ലക്ഷ്യമിടുന്നത്.

സെമിഫൈനലിൽ ഷൂട്ടൗട്ട് കടമ്പ അതിജീവിച്ചാണ് ഇരുടീമിന്‍റെയും ഫൈനൽ പ്രവേശം. ബെംഗളൂരു ഷൂട്ടൗട്ടിൽ ഷീൽ‍ഡ് ചാമ്പ്യൻമാരായ മുംബൈ സിറ്റിയെ മറികടന്നപ്പോൾ നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദിനെ കീഴടക്കിയാണ് എടികെ ബഗാൻ വരുന്നത്. മലയാളിതാരം ആഷിക് കുരുണിയൻ പരിക്കുമാറിയെത്തുന്നത് കൊൽക്കത്തൻ സംഘത്തിന് ആശ്വാസം.

10 ഗോളടിച്ച ദിമിത്രോസ് പെട്രറ്റോസാണ് ടോപ് സ്കോറർ. പടിപടിയായി മികവിലേക്കെത്തിയ ബെംഗളൂരു കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചാണ് കലാശപ്പോരിനിറങ്ങുന്നത്. പകരക്കാരനായി ഇറങ്ങി വിജയശിൽപിയായി മാറുന്ന സുനിൽ ഛേത്രിയുടെ ബൂട്ടുകളിലേക്ക് ഒരിക്കൽക്കൂടി ഉറ്റുനോക്കുകയാണ് ബെംഗളൂരു. യാവി ഹെർണാണ്ടസ്, റോയ് കൃഷ്ണ ആക്രമണ ജോഡിയും എടികെ ബഗാന് വെല്ലുവിളിയാവും.

ആഷിക്കും റോയ് കൃഷ്ണയും മുൻടീമിനെതിരെയാണ് കിരീടപ്പോരിൽ നേർക്കുനേർ വരുന്നത്. സീസണിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോൾ ഇരുടീമിനും ഓരോ ജയം. ആകെ കണക്കിൽ എടികെ ബഗാനാണ് മുന്നിൽ. ആറ് കളിയിൽ നാലിൽ ജയിച്ചു. ബെംഗളൂരുവിന് ആശ്വാസം ഈ സീസണിലെ ഒറ്റജയം. ഒരുകളി സമനിലയിൽ. എടികെ ബഗാൻ ആകെ പത്ത് ഗോൾ നേടിയപ്പോൾ ബെംഗളൂരു നേടിയത് അഞ്ച് ഗോൾ.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT