ഉംറ വിസ നാളെ മുതല്‍ അനുവദിച്ചു തുടങ്ങും; ബുധനാഴ്ച മുതല്‍ ഉംറ നിര്‍വഹിക്കാം മക്ക: ജിദ്ദ ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ സമാപനത്തിലേക്ക് കടക്കവെ ഉംറ തീര്‍ത്ഥാടനത്തിനുള്ള നടപടികള്‍ക്ക് സഊദി ഹജ്ജ്, ഉംറമന്ത്രാലയം നടപടികള്‍ തുടങ്ങി

 

മക്ക: ജിദ്ദ ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ സമാപനത്തിലേക്ക് കടക്കവെ ഉംറ തീര്‍ത്ഥാടനത്തിനുള്ള നടപടികള്‍ക്ക് സഊദി ഹജ്ജ്, ഉംറമന്ത്രാലയം നടപടികള്‍ തുടങ്ങി. പുതിയ സീസണ്‍ അടുത്ത നാളെ (ജൂണ്‍ 10) മുതല്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി നാളെ മുതല്‍ വിസ അനുവദിച്ചു തുടങ്ങുമെന്ന് ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ് സീസണിനോട് അനുബന്ധിച്ച് നിര്‍ത്തിവെച്ച ഉംറ വിസാ നടപടികളാണ്, ഹജ്ജ് തീര്‍ത്ഥാടനം സമാപിക്കുന്ന മുറക്ക് പുനരാരംഭിക്കുന്നത്.

 

 

അടുത്ത ഉംറ സീസണിലേക്കുള്ള വിദേശ തീര്‍ഥാടകരുടെ വരവ് ജൂണ്‍ 11ന് (ദുല്‍ ഹിജ്ജ 15ന്) ആരംഭിക്കുമെന്നു ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. വിസ നല്‍കുന്നതിനുള്ള പ്രധാന തീയതികള്‍, വിദേശ ഏജന്റുമാരുമായുള്ള കരാറുകള്‍, രാജ്യത്തിന് പുറത്തുനിന്നുള്ള തീര്‍ഥാടകരുടെ പ്രവേശനത്തിനും പുറപ്പെടലിനുമുള്ള സമയപരിധി തുടങ്ങിയ എല്ലാ പ്രസക്ത വിവരങ്ങളും ഉള്‍പ്പെടുത്തിയ കലണ്ടര്‍ മന്ത്രാലയം പുറത്തിറക്കി.

 

 

ഉംറയ്ക്കുള്ള വിസ വിതരണം ജൂണ്‍ 10 ന് ആരംഭിക്കും. അടുത്ത ദിവസം തന്നെ തീര്‍ത്ഥാടകരുടെ വരവ് ഔദ്യോഗികമായി ആരംഭിക്കും. തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങള്‍ നിര്‍വചിക്കുന്നതിനുള്ള വിദേശ ഏജന്റുമാരുമായുള്ള കരാറുകള്‍ മെയ് 27 ന് മുമ്പ് അന്തിമമാക്കണം- മന്ത്രാലയം അറിയിച്ചു. 'നുസുക്' പ്ലാറ്റ്‌ഫോമും 'ഉംറ പാത്ത്' സംവിധാനവും വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും മന്ത്രാലയം അറിയിച്ചു.

 

 

അതേസമയം, ഈ വര്‍ഷത്തെ ഹജ്ജ് സമ്പൂര്‍ണ്ണ വിജയമായി മാറിയതായി മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും ഹജ്ജ്, ഉംറ സ്ഥിരം സമിതി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ അറിയിച്ചു. സുരക്ഷ, ആരോഗ്യം, സേവനം എന്നീ മേഖലകളില്‍ സേവമനുഷ്ഠിച്ച സഹപ്രവര്‍ത്തകര്‍ക്കും ഈ മഹത്തായ കര്‍മത്തിന്റെ വിജയം ഉറപ്പാക്കാന്‍ ഉത്സാഹത്തോടെയും ആത്മാര്‍ഥതയോടെയും പ്രവര്‍ത്തിച്ച എല്ലാ പുരുഷ, വനിതാ വളണ്ടിയര്‍മാരെയും രാജകുമാരന്‍ അഭിനന്ദിച്ചു.

 

 

ഹജ്ജ് തീര്‍ത്ഥാടകരില്‍ ബഹുഭൂരിഭാഗവും കല്ലേറു കര്‍മം പൂര്‍ത്തിയാക്കി ടെന്റുകളുടെ നഗരിയായ മിനാ വിട്ടു കൊണ്ടിരിക്കുകയാണ്. ശേഷിക്കുന്നവര്‍ ഇന്നു വൈകുന്നേരത്തോടെ അവസാന ദിവസത്തെ കല്ലേറും നിര്‍വഹിച്ച് മിനായോട് വിട പറയും. ശേഷം വിടവാങ്ങല്‍ പ്രദക്ഷിണവും (ത്വവാഫുല്‍ വിദാഅ്) നടത്തി മദീനയും സന്ദര്‍ശിക്കും. വിടവാങ്ങാല്‍ ത്വവാഫും മദീനാ സന്ദര്‍ശനവും പൂര്‍ത്തിയാക്കിയ ഹാജിമാര്‍ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. വിദേശ ഹാജിമാര്‍ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനല്‍ വഴിയും മദീന വിമാനത്താവള ഹജ്ജ് ടെര്‍മിനല്‍ വഴിയുമാണ് മടങ്ങുക. ആദ്യം വന്നിറങ്ങിയ ആദ്യം എന്ന നിലയിലാവും മടങ്ങുക. ഇന്ത്യന്‍ തീര്‍ഥാടകരുടെ മടക്കയാത്ര അടുത്ത ദിവസങ്ങളില്‍ ആരംഭിക്കും.

 

 

കല്ലെറിയല്‍ ചടങ്ങ് നിര്‍വഹിച്ച ശേഷം തീര്‍ത്ഥാടകര്‍ ഹജ്ജിന്റെ അവസാനത്തെ നിര്‍ബന്ധ കര്‍മ്മമായ ത്വവാഫുല്‍ വിദാഅ് നിര്‍വഹിക്കാന്‍ മക്കയിലെ മസ്ജിദുല്‍ ഹറമിലേക്ക് പോയി. നേരത്തെ പുറപ്പെടാന്‍ നിശ്ചയിച്ച തീര്‍ത്ഥാടകര്‍ ഹറമിലെത്തി വിടവാങ്ങല്‍ ത്വവാഫ് നിര്‍വഹിച്ചു.ജംറ പാലത്തിലെ തിരക്ക് ഒഴിവാക്കുന്നതിനും മസ്ജിദുല്‍ ഹറമിലേക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുമായി അധികൃതര്‍ തയാറാക്കിയ രണ്ട് ദിവസത്തെ ഷെഡ്യൂള്‍ അനുസരിച്ച് തീര്‍ത്ഥാടകര്‍ക്ക് മിനായില്‍ നിന്ന് പുറപ്പെടുന്നതിന് വിപുലമായ ക്രമീകരണങ്ങള്‍ ആണ് അധികൃതര്‍ ഒരുക്കിയിരുന്നത്.

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT