'ഗസ്സ- എല്ലാവരും ഒരേ പോലെ വിശന്നിരിക്കുന്ന ഭൂമിയിലെ ഒരേയൊരു സ്ഥലം' മുഴുവൻ ആളുകളും കൊടുംപട്ടിണിയിലെന്ന് യുഎൻ.

ജനീവ: ഈ ഭൂമിയിൽ എല്ലാവരും ഒരേ പോലെ വിശന്നിരിക്കുന്ന സ്ഥലമുണ്ടെങ്കിൽ അത് ഗസ്സയാണെന്ന് ഐക്യരാഷ്ട്ര സഭ. ഫലസ്തീൻ പ്രദേശത്തെ മുഴുവൻ ജനങ്ങളും ക്ഷാമത്തിന്‍റെ ഭീഷണിയിലാണെന്ന് യുഎന്നിന്‍റെ മാനുഷിക ഏജൻസിയായ OCHA യുടെ വക്താവ് ജെൻസ് ലാർക്ക് വ്യക്തമാക്കി

''ഒരു രാജ്യം അല്ലെങ്കിൽ ആ രാജ്യത്തിനുള്ളിലെ ഒരു പ്രദേശത്തെ മുഴുവൻ ആളുകളും പട്ടിണിക്കിരയാകുന്ന ഒരേയൊരു സ്ഥലം' എന്നാണ് ഗസ്സയെക്കുറിച്ച് ലാര്‍ക്ക് പറഞ്ഞത്. ജനസംഖ്യയുടെ നൂറു ശതമാനവും ക്ഷാമത്തിന്‍റെ വക്കിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗസ്സ മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിൽ ഐക്യരാഷ്ട്രസഭ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ലാർക്ക് വിശദീകരിച്ചു. ഉപരോധം ഭാഗികമായി നീക്കിയതിനുശേഷം 900 ട്രക്കുകൾ മുനമ്പിലേക്ക് പ്രവേശിക്കാൻ ഇസ്രായേൽ അനുവദിച്ചിരുന്നു. എന്നാൽ ഇതുവരെ 600 ട്രക്കുകൾ മാത്രമേ അതിർത്തിയിലെ ഗസ്സ ഭാഗത്ത് ഇറക്കിയിട്ടുള്ളൂ, സുരക്ഷാ കാരണങ്ങളാൽ പ്രദേശത്തിനുള്ളിൽ വിതരണത്തിനായി കുറച്ച് ഷിപ്പ്‌മെന്‍റുകൾ മാത്രമേ എടുത്തിട്ടുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗസ്സയിൽ സഹായം എത്തിക്കാനുള്ള ദൗത്യം ഇന്ന് ലോകത്തിലെ മാത്രമല്ല, സമീപകാല ചരിത്രത്തിലെയും ഏറ്റവും തടസ്സപ്പെട്ട സഹായ പ്രവർത്തനങ്ങളിൽ ഒന്നായി മാറുന്ന സാഹചര്യമാണെന്നും ലാര്‍ക്ക് പറയുന്നു. എന്നാൽ ഇസ്രായേലിന്‍റെ ഐക്യരാഷ്ട്രസഭ അംബാസഡർ ഡാനിയേൽ മെറോൺ ഈ അവകാശവാദങ്ങളെ നിഷേധിച്ചു. ഐക്യരാഷ്ട്രസഭ ഏജൻസികൾ ഇസ്രായേലിനെ പൈശാചികമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. സാധാരണക്കാര്‍ക്ക് മാനുഷിക സഹായം എത്തിക്കാനുള്ള ഇസ്രായേലിന്‍റെയും പങ്കാളികളുടെയും ശ്രമങ്ങളെ അവര്‍ വിമര്‍ശിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. യുഎൻ ഹമാസിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും എന്നാൽ ആവശ്യക്കാര്‍ക്ക് തങ്ങൾ സഹായം ഉറപ്പാക്കുന്നുണ്ടെന്നും മെറോൺ എക്സിൽ കുറിച്ചു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT